അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തിൽ ലോകത്തെ ഞെട്ടിച്ച് ആ അത്യപൂർവ രേഖ

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തിൽ ലോകത്തെ ഞെട്ടിച്ച് ആ അത്യപൂർവ രേഖ

പ്രസിദ്ധീകരിച്ചത്: 04 Jul, 2026
ഷെയർ ചെയ്യുക:

അമേരിക്ക തങ്ങളുടെ 250-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ യുകെയിലെ നാഷണൽ ആർക്കൈവ്സിൽ നിന്ന് അത്യപൂർവമായ ഒരു ചരിത്രരേഖ കണ്ടെത്തി. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ആദ്യകാല പ്രിന്റുകളിൽ ഒന്നായ എക്സെറ്റർ പ്രിന്റിംഗ് കോപ്പിയാണ് രണ്ട് നൂറ്റാണ്ടിലേറെയായി ആർക്കും അറിയപ്പെടാതെ കിടന്ന രേഖകളിൽ നിന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ലണ്ടനിലെ ക്യൂവിലുള്ള നാഷണൽ ആർക്കൈവ്സിൽ വോളന്റിയറായി സേവനം അനുഷ്ഠിക്കുന്ന മൈക്കൽ സ്കർ എന്ന ഗവേഷകനാണ് ഈ അമൂല്യ നിധി കണ്ടെത്തിയത്.

പതിനെട്ടാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് റോയൽ നേവിയുടെ ക്യാപ്റ്റൻമാരുടെ കത്തുകളും രേഖകളും പരിശോധിക്കുന്നതിനിടയിലാണ് അവിചാരിതമായി ഈ ചരിത്രരേഖ കൈകളിൽ എത്തിയത്. അമേരിക്കയ്ക്ക് പുറത്ത് നിന്ന് ആദ്യമായാണ് ഇത്തരമൊരു സ്വാതന്ത്ര്യ പ്രഖ്യാപന രേഖ കണ്ടെത്തുന്നത് എന്നത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. നിലവിൽ ലോകത്താകെ ഈ പതിപ്പിലുള്ള വെറും 11 കോപ്പികൾ മാത്രമാണ് അവശേഷിക്കുന്നത് എന്നാണ് ചരിത്രകാരന്മാർ വ്യക്തമാക്കുന്നത്.

 

ഇതുവരെ കണ്ടെത്തിയ മറ്റ് പതിപ്പുകളെല്ലാം അമേരിക്കയിൽ തന്നെയാണ് സൂക്ഷിച്ചിട്ടുള്ളത്. ബ്രിട്ടീഷ് നാവികസേനയുടെ സൈനിക നടപടിയിലൂടെ പിടിച്ചെടുത്ത ഏക സ്വാതന്ത്ര്യ പ്രഖ്യാപന കോപ്പിയും ഇതാണ്. ചരിത്രപ്രസിദ്ധമായ അമേരിക്കൻ വിപ്ലവ കാലത്ത് യുദ്ധക്കപ്പലുകളിൽ നിന്ന് പിടിച്ചെടുത്ത പതിനായിരക്കണക്കിന് രേഖകൾക്കിടയിൽ വെറുമൊരു സാധാരണ കടലാസ് എന്ന നിലയിലാണ് ഇത് മാറ്റിവെക്കപ്പെട്ടിരുന്നത്.