ദൈവത്തെ സേവിക്കുന്നവർ സമ്പത്തിൽ നിന്ന് സ്വതന്ത്രരാകുന്നു: ലിയോ പതിനാലാമൻ പാപ്പാ

ദൈവത്തെ സേവിക്കുന്നവർ സമ്പത്തിൽ നിന്ന് സ്വതന്ത്രരാകുന്നു: ലിയോ പതിനാലാമൻ പാപ്പാ

പ്രസിദ്ധീകരിച്ചത്: 23 Sep, 2025
ഷെയർ ചെയ്യുക:

വത്തിക്കാൻ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന വിശുദ്ധ അന്നയുടെ നാമധേയത്തിലുള്ള പൊന്തിഫിക്കൽ ഇടവക ദേവാലയത്തിൽ സെപ്റ്റംബർ മാസം ഇരുപത്തിയൊന്നാം തീയതി  ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധ ബലി  അർപ്പിച്ചു. ദേവാലയത്തിനു മുൻപിലൂടെ, ജോലിക്കായും, തീർത്ഥാടനത്തിനായും, അതിഥികളായും കടന്നുപോകുന്നവർക്ക്, പ്രാർത്ഥനയ്ക്കും, കാരുണ്യപ്രവൃത്തികൾക്കും ഒരു അനുഭവസ്ഥാനമായി ഈ സ്ഥലം മാറട്ടെയെന്നു പാപ്പാ ആശംസിച്ചു.

ദൈവത്തിനും സമ്പത്തിനും ഇടയിൽ വളരെ വ്യക്തമായ ഒരു നിലപാട് സ്വീകരിക്കുവാനാണ് ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നെതെന്നു പറഞ്ഞുകൊണ്ട്, പാപ്പാ വിശദീകരിച്ചു. ഈ തിരഞ്ഞെടുപ്പ്, ആകസ്മികമായതോ, കാലക്രമേണ പരിഷ്കരിക്കാൻ കഴിയുന്നതോ ആയ ഒന്നല്ലെന്നും, മറിച്ച് യഥാർത്ഥമായ ഒരു  ജീവിതശൈലി നാം രൂപപ്പെടുത്തിക്കൊണ്ട്, ഹൃദയം എവിടെ  ഉറപ്പിക്കണമെന്നുള്ള ഉറച്ച തീരുമാനമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

നാം നിരാലംബരായ ജീവികളാണെന്നും,  നമ്മുടെ ജീവിതം ആവശ്യങ്ങൾ നിറഞ്ഞതാണെന്നും,  നമുക്കെല്ലാവർക്കും പരിചരണവും വാത്സല്യവും ആവശ്യമാണെന്നും  കർത്താവിനു അറിയാമെന്നും, എന്നാൽ ദൈവമില്ലാതെ നമുക്ക് നാനായി ജീവിക്കുവാൻ സാധിക്കുമെന്നത് ജീവിതത്തിലെ വലിയ ഒരു പ്രലോഭനമാണെന്നും പാപ്പാ പറഞ്ഞു.

സ്വയം കണക്കുകൂട്ടുവാനും, ശേഖരിച്ചുവയ്ക്കുവാനും, മറ്റുള്ളവരെ സംശയമുനയിൽ നിർത്തുവാനും, അവരെ അവിശ്വസിക്കുവാനും പരിശ്രമിക്കാതെ വിശ്വാസത്തോടെ സഹായം ചോദിക്കുന്നതിനും സാഹോദര്യത്തോടെ പങ്കുവച്ചുകൊണ്ടു പങ്കുവയ്ക്കുവാനും നമുക്ക് സാധിക്കണമെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

സമ്പത്തിനെ ആധിപത്യത്തിന്റെ ഉപകരണമാക്കി മാറ്റാൻ ആഗ്രഹിക്കുന്നവർ, ദരിദ്രരെ ചൂഷണം ചെയ്യുന്നുവെന്നും ആമോസ് പ്രവാചകന്റെ വാക്കുകളിൽ പാപ്പാ ഓർമ്മപ്പെടുത്തി. ദൈവവചനം നമ്മെ എല്ലാവരെയും ഒരു ആന്തരിക വിപ്ലവത്തിലേക്ക് നയിക്കുന്നുവെന്നും, അത് ഹൃദയത്തിൽ നിന്നും ആരംഭിക്കേണ്ടുന്ന പരിവർത്തനത്തിലേക്ക് ക്ഷണിക്കുന്നുവെന്നും പാപ്പാ എടുത്തുപറഞ്ഞു.

സമ്പത്ത് മനുഷ്യനെതിരായി ഉപയോഗിക്കാനുള്ള താത്പര്യങ്ങളിൽ നിന്നും ഭരണാധികാരികൾ പിന്നോട്ട് മാറണമെന്നും പാപ്പാ ആവശ്യപ്പെട്ടു. സമ്പത്തിനെ സേവിക്കുന്നവർ അതിന്റെ അടിമകളായി തുടരുന്നു എന്നാൽ, ദൈവത്തെ സേവിച്ചുകൊണ്ട് നീതി തേടുന്നവർ സമ്പത്തിനെ പൊതു നന്മയാക്കി മാറ്റുന്നുവെന്നും പാപ്പാ പറഞ്ഞു.

യുദ്ധം ഗുരുതര ഭീഷണികൾ ഉയർത്തുന്ന ഈ ഒരു സമയത്ത് പ്രത്യാശയിൽ സ്ഥിരോത്സാഹം കാണിച്ചുകൊണ്ട്, യേശു ലോകത്തിന്റെ രക്ഷകനാണെന്നും, എല്ലാ തിന്മകളിൽ  നിന്നും നമ്മെ മോചിപ്പിക്കുന്നവനാണെന്നും, വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പ്രഖ്യാപിക്കുവാനും പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു.