കേരളത്തിന് സ്വന്തം വിമാനം: സഹകരണ മേഖലയിൽ ‘കോ-കേരളം’ വരുന്നു
പ്രസിദ്ധീകരിച്ചത്: 29 Jun, 2026
ആഭ്യന്തര യാത്രകൾ ചെലവു കുറഞ്ഞതും വേഗത്തിലും നടത്തുക എന്ന ആശയത്തോടെ കേരളത്തിൽ ഒരു പുതിയ വിമാന സർവീസിന്റെ പ്രാരംഭ നടപടികളിലേക്കു കടന്നതായി എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ.
സഹകരണ മേഖലയിൽനിന്നുളള ആദ്യത്തെ ഈ വിമാന കമ്പനിക്ക് ‘കോ–കേരളം’ എന്ന പേരാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിയാൽ മോഡലിൽ കമ്പനി രൂപീകരിച്ച് വിമാനങ്ങൾ പാട്ടത്തിന് എടുത്താണ് സർവീസ് നടത്തുക.
ആദ്യഘട്ടത്തിൽ രണ്ടു വിമാനങ്ങൾ ഇതിനായി പാട്ടത്തിന് എടുക്കും. നെടുമ്പാശേരി ആസ്ഥാനമാക്കി കരിപ്പൂർ, കണ്ണൂർ, മംഗളൂരു, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, മധുര എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണു സർവീസ് നടത്താൻ ഉദ്ദേശിക്കുന്നത്. പദ്ധതി നടത്തിപ്പിനായി സഹകരണ മേഖലയിൽ കമ്പനി രൂപീകരിക്കും.