നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 22 ബാറുകള്‍ക്ക് അനുമതി; ഫയല്‍ നീക്കത്തില്‍ അന്വേഷണത്തിനൊരുങ്ങി പുതിയ സര്‍ക്കാര്‍

നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് 22 ബാറുകള്‍ക്ക് അനുമതി; ഫയല്‍ നീക്കത്തില്‍ അന്വേഷണത്തിനൊരുങ്ങി പുതിയ സര്‍ക്കാര്‍

പ്രസിദ്ധീകരിച്ചത്: 27 Jun, 2026
ഷെയർ ചെയ്യുക:

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പുള്ള രണ്ടര മാസത്തിനുള്ളില്‍ സംസ്ഥാനത്ത് 22 പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച നടപടിയില്‍ അന്വേഷണത്തിനൊരുങ്ങി യുഡിഎഫ് സര്‍ക്കാര്‍. ജനുവരിയില്‍ ഒന്‍പതും ഫെബ്രുവരിയില്‍ മൂന്നും മാര്‍ച്ചില്‍ പത്തും ബാറുകള്‍ക്കാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അതിവേഗം അനുമതി നല്‍കിയത്. തിരഞ്ഞെടുപ്പ് മുന്‍പില്‍ക്കണ്ട് ബാറുടമകളെ സഹായിക്കാന്‍ മിന്നല്‍ വേഗത്തിലാണ് ഫയലുകള്‍ നീക്കിയതെന്നാണ് പുതിയ സര്‍ക്കാരിന്റെ ആക്ഷേപം.ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 11 മണിയില്‍ നിന്നും 12 മണി വരെ നീട്ടിക്കൊണ്ട് ഫെബ്രുവരിയില്‍ എടുത്ത തീരുമാനവും പുതിയ സര്‍ക്കാര്‍ പുനപരിശോധിക്കും. പ്രവര്‍ത്തന സമയം നീട്ടിയത് ബാര്‍ ജീവനക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് ഈ നടപടി.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വെറും 29 ബാറുകള്‍ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത്, കഴിഞ്ഞ മാസം അവസാനത്തെ കണക്കനുസരിച്ച് ബാറുകളുടെ എണ്ണം 903 ആയി ഉയര്‍ന്നിട്ടുണ്ട്. മദ്യശാലകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് പകരം, സ്വകാര്യ ബാറുകള്‍ക്ക് ഉദാരമായി ലൈസന്‍സ് നല്‍കി സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് മുന്‍ സര്‍ക്കാര്‍ ശ്രമിച്ചതെന്നാണ് ആരോപണം. എന്നാല്‍, ടൂറിസം മേഖലയുടെ വളര്‍ച്ചയും നിയമപരമായ മാനദണ്ഡങ്ങള്‍ പാലിച്ചു വന്ന അപേക്ഷകളിലുമാണ് സ്വാഭാവികമായ നടപടിക്രമങ്ങളിലൂടെ ലൈസന്‍സ് അനുവദിച്ചതെന്നാണ് എല്‍ഡിഎഫ് വൃത്തങ്ങളുടെ വിശദീകരണം. കോവിഡ് പ്രതിസന്ധിക്ക് ശേഷം തകര്‍ച്ചയിലായ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളെ ഉത്തേജിപ്പിക്കാനും റവന്യൂ വരുമാനം വര്‍ദ്ധിപ്പിക്കാനുമാണ് മുന്‍ സര്‍ക്കാര്‍ മദ്യനയത്തില്‍ ഇളവുകള്‍ വരുത്തിയത്.