ഡിവിഡന്റ് വർദ്ധിപ്പിച്ചു, 50 ബില്യൺ ഡോളറിന്റെ ഓഹരി തിരിച്ചുവാങ്ങലുമായി ജെപിമോർഗൻ
യുഎസ് ഫെഡറൽ റിസർവിന്റെ വാർഷിക 'സ്ട്രെസ് ടെസ്റ്റ്' വിജയകരമായി മറികടന്നതിന് പിന്നാലെ വമ്പൻ പ്രഖ്യാപനങ്ങളുമായി പ്രമുഖ യുഎസ് ബാങ്കുകൾ. ആസ്തിയുടെ അടിസ്ഥാനത്തിൽ അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ ജെപിമോർഗൻ ചേസ് 50 ബില്യൺ ഡോളറിന്റെ പുതിയ ഓഹരി തിരിച്ചുവാങ്ങൽ പദ്ധതി പ്രഖ്യാപിച്ചു. ഇതോടൊപ്പം പാദവർഷ ഡിവിഡന്റ് 10 ശതമാനം വർദ്ധിപ്പിച്ച് പ്രതിഓഹരി 1.65 ഡോളറാക്കി ഉയർത്തുകയും ചെയ്തു. ജൂലൈ 1 മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
കടുത്ത സാമ്പത്തിക മാന്ദ്യമുണ്ടായാൽ പോലും രാജ്യത്തെ പ്രമുഖ ബാങ്കുകൾക്ക് അതിനെ പ്രതിരോധിക്കാൻ ആവശ്യമായ മൂലധന ശേഷിയുണ്ടെന്ന് ഫെഡറൽ റിസർവ് നടത്തിയ വാർഷിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കുകൾ നിക്ഷേപകർക്കുള്ള വിഹിതം വർദ്ധിപ്പിച്ചത്.
ബാങ്കിന്റെ ശക്തമായ സാമ്പത്തിക പ്രകടനവും ബിസിനസിലെ സ്ഥിരതയാർന്ന നിക്ഷേപങ്ങളുമാണ് ഡിവിഡന്റ് വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിൽ. 2026-ലെ ഏറ്റവും കഠിനമായ സാമ്പത്തിക പ്രതിസന്ധികളെപ്പോലും നേരിടാൻ ഞങ്ങൾ സജ്ജരാണെന്ന് ജെപിമോർഗൻ സിഇഒ ജാമി ഡിമോൻ പ്രസ്താവനയിൽ പറഞ്ഞു.