വൈറ്റ് ഹൗസും ക്യാപിറ്റോള്‍ ഹില്ലും നേര്‍ക്കുനേര്‍
അമേരിക്കയില്‍ രണ്ടാം വട്ടവും അധികാരത്തിലെത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ സെനറ്റര്‍മാരും തമ്മിലുള്ള ഭിന്നത പരസ്യമായ ഒരു യുദ്ധമായി മാറിയിരിക്കുകയാണ്. 2026 നവംബറില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായകമായ ഇടക്കാല തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ സംഭവവികാസങ്ങള്‍. ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന അടച്ചിട്ട വാതില്‍ ചര്‍ച്ചയില്‍ ട്രംപും സെനറ്റര്‍മാരും തമ്മില്‍ രൂക്ഷമായ വാഗ്‌വാദമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.തനിക്ക് വഴങ്ങാത്ത അല്ലെങ്കില്‍ മുന്‍പ് താന്‍ രാഷ്ട്രീയമായി എതിര്‍ത്ത സെനറ്റര്‍മാര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ താല്പര്യങ്ങളേക്കാള്‍ സെനറ്റിന്റെ പാരമ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഭവന നിര്‍മ്മാണ ബില്ലുകള്‍ തടഞ്ഞുവെച്ചും, വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയും ട്രംപ് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരുടെ ജീവിതം കഠിനമാക്കുമ്പോള്‍ സെനറ്റര്‍മാര്‍ അതേ നാണയത്തില്‍ തന്നെയാണ് തിരിച്ചടിക്കുന്നത്.ഇറാനുമായി ബന്ധപ്പെട്ട ട്രംപിന്റെ വിദേശ നയങ്ങളെ ചില റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ശക്തമായി എതിര്‍ത്തതാണ് തര്‍ക്കങ്ങളുടെ ഒരു പ്രധാന കാരണം. മിഡില്‍ ഈസ്റ്റിലെ സൈനിക നീക്കങ്ങള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന്, സെനറ്റില്‍ ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ പരിമിതപ്പെടുത്തുന്ന പ്രമേയം 48 ന് എതിരെ 50 വോട്ടുകള്‍ക്ക് പാസാക്കിയിരുന്നു. നാല് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് ട്രംപിനെതിരെ വോട്ട് ചെയ്തത് അദ്ദേഹത്തെ പ്രകോപിപ്പിച്ചു. ചര്‍ച്ചയ്ക്കിടെ ലൂസിയാനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബില്‍ കാസിഡിയുമായി ട്രംപ് നേരിട്ട് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ട്രംപ് അദ്ദേഹത്തെ ഭ്രാന്തന്‍ എന്ന് വിളിക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ വോട്ട് ചെയ്ത സെനറ്റര്‍ ഡേവ് മക്കോര്‍മിക്കിനെതിരെയും ട്രംപ് തിരിഞ്ഞിരുന്നു.
മറ്റൊരു പ്രധാന തര്‍ക്കവിഷയം വോട്ട് ചെയ്യുന്നതിന് കര്‍ശനമായ പൗരത്വ രേഖകളും തിരിച്ചറിയല്‍ കാര്‍ഡുകളും നിര്‍ബന്ധമാക്കുന്ന 'സേവ് അമേരിക്ക ആക്ട്' ആണ്. ഈ ബില്‍ പാസാക്കാന്‍ ട്രംപ് പാര്‍ട്ടി അംഗങ്ങള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഡെമോക്രാറ്റുകളുടെ എതിര്‍പ്പുള്ളതിനാല്‍ സെനറ്റില്‍ ഇത് പാസാക്കുക എളുപ്പമല്ല. ഈ ബില്‍ പാസാക്കുന്നതുവരെ ഇരുപാര്‍ട്ടികളും ചേര്‍ന്ന് തയ്യാറാക്കിയ ഭവന നിര്‍മ്മാണ ബില്ലില്‍ ഒപ്പുവെക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിരിക്കുകയാണ്. നാടകീയമായ ഈ പിന്മാറ്റം സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളെപ്പോലും പ്രകോപിപ്പിച്ചിട്ടുണ്ട്