സുഹൃത്തിനെ കാണാനെത്തിയ യുവാവിന് നേരെ ആസിഡ് ആക്രമണം; പാലക്കാട് അയൽവാസി പിടിയിൽ
പ്രസിദ്ധീകരിച്ചത്: 24 Jun, 2026
അയൽവാസിയുടെ ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് മാത്തൂരിലാണ് സംഭവം. സതീഷ് കുമാർ എന്നയാൾക്കാണ് പരിക്കേറ്റത്. കേസിലെ പ്രതിയായ രമേഷിനെ ഇന്നലെ കോയമ്പത്തൂരിൽ നിന്ന് പൊലീസ് പിടികൂടി.
സതീഷ് കുമാറും രമേഷിന്റെ സഹോദരനും അടുത്ത സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു. അസുഖബാധിതനായി വീട്ടിൽ കഴിയുന്ന രമേഷിന്റെ സഹോദരനെ കാണാനാണ് സതീഷ് കഴിഞ്ഞ ഞായറാഴ്ച വീട്ടിലെത്തിയത്. രോഗിയെ കണ്ടും സുഖവിവരങ്ങൾ തിരക്കിയും മടങ്ങാനൊരുങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
പ്രകോപനമൊന്നുമില്ലാതെ രമേഷ് പെട്ടെന്ന് സതീഷിന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിൽ സതീഷിന്റെ കഴുത്തിലും ശരീരത്തിന്റെ പിൻഭാഗത്തും ഗുരുതര പൊള്ളലേറ്റു. സമീപവാസികൾ ഉടൻ തന്നെ സതീഷിനെ ആശുപത്രിയിലെത്തിച്ചു.