വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപ്പിടിച്ചു
എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് (ബാർജ്) തീപ്പിടിച്ചു. വൈപ്പിൻ കാളമുക്കിൽ പ്രവർത്തിക്കുന്ന സീ ബ്ലൂ എന്ന ഷിപ്പ് യാർഡിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അറ്റകുറ്റപ്പണികൾ നടത്തിവരികയായിരുന്ന വിദേശ കപ്പലിനാണ് തീപ്പിടിത്തമുണ്ടായത്.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കപ്പലിന്റെ എൻജിൻ ഭാഗത്തുനിന്ന് പുകയും തീയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അഗ്‌നിശമന സേനയുടെ ഏഴോളം യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെങ്കിലും മണിക്കൂറുകൾ പിന്നിട്ടിട്ടും തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.
അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇന്നലെ പരീക്ഷണ ഓട്ടം നടത്തിയ കപ്പലായതിനാൽ ഇതിനുള്ളിൽ ഇന്ധനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. കൂടാതെ, കപ്പലിനുള്ളിൽ സൂക്ഷിച്ചിരുന്ന പെയിന്റും മറ്റ് സാധനങ്ങളും കത്തുന്നതിനാൽ കനത്ത പുക ഉയരുന്നത് ഫയർഫോഴ്‌സിന് ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമാകുന്നുണ്ട്.