സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഞായറാഴ്ച 8 ജില്ലകളിൽ യെല്ലോ അലർട്ട്
പ്രസിദ്ധീകരിച്ചത്: 19 Jun, 2026
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ ദുർബലമായിരിക്കുന്ന കാലവർഷം വീണ്ടും സജീവമാകുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഒഴികെയുള്ള എട്ട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തിനും മുകളിലായി രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ ശക്തിപ്പെടാൻ കാരണമാകുന്നതെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.