കണക്കുകളിലെ തിരുത്തലുമായി വി.ഡി സതീശന്റെ പുതുക്കിയ ബജറ്റ്
സംസ്ഥാനം അഭിമുഖീകരിക്കുന്ന കടുത്ത ധനപ്രതിസന്ധികള്‍ക്കിടയിലും, ജനങ്ങള്‍ക്ക് അധിക നികുതിഭാരം നല്‍കാതെ വികസനത്തിനും സാമൂഹിക സുരക്ഷയ്ക്കും ഊന്നല്‍ നല്‍കുന്ന ഒരു സമഗ്ര ബഡ്ജറ്റാണ് വി.ഡി സതീശന്‍ സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക കണക്കുകളിലെ സുതാര്യതക്കുറവ് പരിഹരിച്ചും, വന്‍കിട നിക്ഷേപങ്ങളെ ആകര്‍ഷിച്ചും സംസ്ഥാനത്തെ ഒരു 'ഇന്‍വെസ്റ്റ്മെന്റ് ഇക്കോണമി'യാക്കി മാറ്റുകയാണ് ഈ പുതുക്കിയ ബജറ്റിന്റെ ലക്ഷ്യം.കേരളത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു വ്യവസായ-വാണിജ്യ ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതികളാണ് ബജറ്റിലുള്ളത്.
മിഷന്‍ സമുദ്ര: റോഡ്, റെയില്‍, ഉള്‍നാടന്‍ ജലപാതകള്‍, ഗ്രീന്‍ഫീല്‍ഡ് സിറ്റികള്‍ എന്നിവയെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന സമഗ്ര പദ്ധതി. ഇതിലൂടെ തീരദേശ ജനതയ്ക്ക് തൊഴില്‍ സംവരണം ഉറപ്പാക്കും.
സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ കോര്‍ത്തിണക്കി ഒരു ഏകീകൃത സാമ്പത്തിക മേഖല സൃഷ്ടിക്കും.
ലൈറ്റ് മെട്രോ: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കും.
പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട്: പ്രവാസികളുടെ നിക്ഷേപങ്ങളെ ഉല്‍പ്പാദനക്ഷമമായ മേഖലകളിലേക്ക് ആകര്‍ഷിക്കാനുള്ള പ്രത്യേക ഫണ്ട്.
വ്യവസായ ഹബ്ബുകള്‍: പെരുമ്പാവൂരില്‍ ഫര്‍ണിച്ചര്‍ ഹബ്ബും, അതോടൊപ്പം ഒരു സ്വര്‍ണ്ണ വിനിമയ കേന്ദ്രവും ആഭരണ നിര്‍മ്മാണ പാര്‍ക്കും സ്ഥാപിക്കും.
പദ്ധതി വിഹിതം: 2026-27 വര്‍ഷത്തെ പദ്ധതി അടങ്കല്‍ തുക 30,370 കോടി രൂപയായി പുതുക്കി. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വികസനഫണ്ട് പദ്ധതി വിഹിതത്തിന്റെ 28.5% ആയി ഉയര്‍ത്തി.