ഖാദി തുണിക്കഷണങ്ങളിൽ നിന്ന് പരിസ്ഥിതി സൗഹൃദ നാപ്കിൻ; തൃശൂർ വിമല കോളേജിന് കേന്ദ്ര പേറ്റന്റ്

ഖാദി തുണിക്കഷണങ്ങളിൽ നിന്ന് പരിസ്ഥിതി സൗഹൃദ നാപ്കിൻ; തൃശൂർ വിമല കോളേജിന് കേന്ദ്ര പേറ്റന്റ്

പ്രസിദ്ധീകരിച്ചത്: 18 Jun, 2026
ഷെയർ ചെയ്യുക:

ഖാദി തുണിയുടെ ഉപോൽപ്പന്നങ്ങളായ തുണിക്കഷണങ്ങൾ ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദ സാനിറ്ററി നാപ്കിൻ വികസിപ്പിച്ചെടുത്ത് തൃശൂർ വിമല കോളേജ്. എട്ടുവർഷം നീണ്ട കഠിനമായ ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലമായാണ് ഈ  ഉൽപ്പന്നം രൂപകൽപ്പന ചെയ്തത്. വിപ്ലവകരമായ ഈ കണ്ടുപിടിത്തത്തിന് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് കൂടി ലഭിച്ചതോടെ, ഉൽപ്പന്നം വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തിക്കാനുള്ള വലിയ സാധ്യതകളാണ് തുറക്കപ്പെട്ടിരിക്കുന്നത്.

സാധാരണ വിപണിയിൽ ലഭിക്കുന്ന സാനിറ്ററി നാപ്കിനുകളെ അപേക്ഷിച്ച് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം പരമാവധി കുറച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഉപയോഗത്തിന് ശേഷം മണ്ണിൽ കുഴിച്ചിട്ടോ കത്തിച്ചോ പരിസ്ഥിതിക്ക് യാതൊരു ദോഷവുമില്ലാതെ പൂർണ്ണമായും സംസ്കരിക്കാൻ സാധിക്കും. കനം കുറഞ്ഞതും എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയുന്നതുമായ ഈ നാപ്കിനുകൾ രാസവസ്തുക്കൾ ഇല്ലാത്തതിനാൽ സ്ത്രീകൾക്ക് അലർജി ഉണ്ടാക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.

 

വിമല കോളേജിലെ ഇക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിനു ആൻ കുരിയാച്ചൻ, കോളേജിലെ മുൻ വിദ്യാർത്ഥിയും നിലവിൽ ഗസ്റ്റ് അധ്യാപികയുമായ ശാരി എന്നിവരുടെ സംയുക്ത നേതൃത്വത്തിലായിരുന്നു ഈ ഗവേഷണ പ്രവർത്തനങ്ങൾ നടന്നത്. അവിണിശേരി ഖാദി വില്ലേജിന്റെ പൂർണ്ണ സഹകരണത്തോടെയാണ് നിർമ്മാണത്തിന് ആവശ്യമായ ഖാദി ഉപോൽപ്പന്നങ്ങൾ ലഭ്യമാക്കിയത്.