90 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് പെരുമഴ; പിന്നാലെ ചുഴലിക്കാറ്റ് ഭീഷണിയും; കടുത്ത ജാഗ്രതയില്‍ അമേരിക്കന്‍ തീരങ്ങള്‍
അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകര്‍. മെക്‌സിക്കോ ഉള്‍ക്കടലില്‍ നിലവിലുള്ള ന്യൂനമര്‍ദം ബുധനാഴ്ചയോടെ പൂര്‍ണ്ണതോതിലുള്ള ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് മുന്നറിയിപ്പ്. 'പൊട്ടന്‍ഷ്യല്‍ ട്രോപ്പിക്കല്‍ സൈക്ലോണ്‍ വണ്‍' എന്നാണ് നിലവില്‍ ഈ കാലാവസ്ഥാ പ്രതിഭാസത്തിന് നാഷണല്‍ ഹറികെയ്ന്‍ സെന്റര്‍ പേരിട്ടിരിക്കുന്നത്. ഇത് ശക്തമാവുകയാണെങ്കില്‍ ഈ സീസണിലെ ആദ്യ പേരായ 'ആര്‍തര്‍' എന്നാകും അറിയപ്പെടുക.അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നിലവില്‍ പെയ്യുന്ന റെക്കോര്‍ഡ് മഴയ്ക്കും പെട്ടെന്നുണ്ടാകുന്ന പ്രളയത്തിനും പിന്നാലെയാണ് ചുഴലിക്കാറ്റ് ഭീഷണിയും ഉയരുന്നത്. ടെക്‌സസിലെ ഓസ്റ്റിന്‍, സാന്‍ അന്റോണിയോ, ലൂസിയാനയിലെ ഷ്രെവ്‌പോര്‍ട്ട് തുടങ്ങിയ നഗരങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. ഇതില്‍ സാന്‍ അന്റോണിയോയിലും ഷ്രെവ്‌പോര്‍ട്ടിലും 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന മഴയാണിത്. ഓസ്റ്റിന്‍ നഗരത്തില്‍ 1964 ല്‍ സ്ഥാപിക്കപ്പെട്ട റെക്കോര്‍ഡും തകര്‍ക്കപ്പെട്ടു.