സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്ക് യുഡിഎഫ് സര്‍ക്കാര്‍ തുരങ്കം വെയ്ക്കുകയാണെന്ന് പിണറായി വിജയന്‍
സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിക്ക് യുഡിഎഫ് സര്‍ക്കാര്‍ തുരങ്കം വെയ്ക്കുകയാണെന്നും ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.
നിലവില്‍ 16 ലക്ഷത്തിലധികം വീട്ടമ്മമാര്‍ക്ക് ആശ്വാസമായ പെന്‍ഷനാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയപരമായ തീരുമാനം മൂലം മുടങ്ങിയിരിക്കുന്നതെന്നും ഏപ്രില്‍, മേയ് മാസങ്ങളിലെ സ്ത്രീസുരക്ഷാ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ധനവകുപ്പ് ഫയലില്‍ തീരുമാനമാക്കാതെ പിടിച്ചുവച്ചിരിക്കുന്ന നിലയിലാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
3,720 കോടി രൂപയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവസാനത്തെ ബജറ്റില്‍ ഇതിനായി നീക്കിവെച്ചത്. മാര്‍ച്ച് മാസം വരെ പെന്‍ഷന്‍ നല്‍കുകയും ചെയ്തു. സ്ത്രീസുരക്ഷാ പദ്ധതിയെ തുടക്കം മുതല്‍ അപഹസിക്കാന്‍ തയ്യാറായ യുഡിഎഫ് നേതൃത്വമാണ് ഇപ്പോള്‍ പദ്ധതിയെ തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ തീരുമാനം അണിയറയില്‍ തയ്യാറാക്കുന്നത്. രണ്ടു മാസത്തെ പെന്‍ഷന്‍ നല്‍കാത്തതിനു പുറമെ പദ്ധതിയിലേക്ക് പുതുതായി അപേക്ഷിച്ചവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും ചെയ്യുകയാണ്. സ്ത്രീപക്ഷ സര്‍ക്കാരെന്ന് ഊറ്റം കൊള്ളുന്നവരാണ് കേരളത്തിന്റെ അഭിമാനപദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ നിലപാട് തിരുത്തണം എന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.