പ്രിയദർശിനി പദ്ധതി ഉദ്ഘാടനം: കണ്ണൂർ മേയറെ ക്ഷണിച്ചില്ലെന്ന് പരാതി; മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും പരാതി നൽകും
പ്രസിദ്ധീകരിച്ചത്: 16 Jun, 2026
കെ.എസ്.ആർ.ടി.സി.യുടെ സംസ്ഥാനതല വനിതാ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ കണ്ണൂർ ഡിപ്പോയിലെ ഉദ്ഘാടന ചടങ്ങിലേക്ക് കോർപ്പറേഷൻ മേയറെ ക്ഷണിക്കാതിരുന്നത് വിവാദമാകുന്നു.
പ്രോട്ടോക്കോൾ ലംഘനം ആരോപിച്ച് വനിത കൂടിയായ കണ്ണൂർ മേയർ പി. ഇന്ദിര രംഗത്തെത്തി. തിങ്കളാഴ്ച രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ നിന്ന് മേയറെ പൂർണ്ണമായും ഒഴിവാക്കുകയായിരുന്നു. ചടങ്ങിൽ കണ്ണൂർ എം.എൽ.എ. ടി.ഒ. മോഹനൻ ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. കോർപ്പറേഷൻ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ദീപകാണ് ചടങ്ങിൽ അധ്യക്ഷത വഹിച്ചത്.താൻ പരിപാടി ബോധപൂർവ്വം ബഹിഷ്കരിച്ചതല്ലെന്നും ഔദ്യോഗികമായി ക്ഷണിക്കാത്തതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും മേയർ പി. ഇന്ദിര വ്യക്തമാക്കി. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ഔദ്യോഗികമായി പരാതി നൽകുമെന്നും അവർ അറിയിച്ചു.