എഐ ചരിത്രത്തിലെ ആദ്യ 'കയറ്റുമതി നിരോധനം'; ട്രംപ് ഭരണകൂടവുമായി അനുരഞ്ജനത്തിനൊരുങ്ങി ആന്ത്രോപിക്
സുരക്ഷാ തകരാറുകള്‍ ചൂണ്ടിക്കാട്ടി തങ്ങളുടെ അത്യാധുനിക എഐ മോഡലായ ഫേബിള്‍ 5 യു.എസ് സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ, ട്രംപ് ഭരണകൂടവുമായി അനുരഞ്ജന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ ആന്ത്രോപിക്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏര്‍പ്പെടുത്തിയ കടുത്ത കയറ്റുമതി നിയന്ത്രണങ്ങളെ തുടര്‍ന്ന് ആന്ത്രോപിക്കിന് തങ്ങളുടെ പുതിയ മോഡല്‍ വിപണിയില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വലിക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ചയാണ് കമ്പനിയുടെ ഉന്നത സാങ്കേതിക വിദഗ്ദ്ധര്‍ വൈറ്റ് ഹൗസ്, കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരുമായി നേരിട്ടുള്ള ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിയത്.ഫെഡറല്‍ ഗവണ്‍മെന്റിന്റെ നടപടിയില്‍ പെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഒരു മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എങ്കിലും പ്രശ്‌നം എത്രയും വേഗം പരിഹരിക്കപ്പെടുന്നത് ആന്ത്രോപിക് നല്‍കുന്ന സുരക്ഷാ ഉറപ്പുകളെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ഐപിഒ ലക്ഷ്യമിടുന്ന ആന്ത്രോപിക്കിന് ഈ നിരോധനം വലിയ തിരിച്ചടിയാണ്. വാരാന്ത്യത്തില്‍ ആന്ത്രോപിക് കോ-ഫൗണ്ടര്‍ ടോം ബ്രൗണ്‍, കൊമേഴ്സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക്, നാഷണല്‍ സൈബര്‍ ഡയറക്ടര്‍ സീന്‍ കെയര്‍ക്രോസ് എന്നിവര്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട ഫോണ്‍ കോളുകള്‍ക്ക് ശേഷമാണ് തിങ്കളാഴ്ച നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് കമ്പനി മുതിര്‍ന്ന ഉദ്യോഗസ്ഥരെ വാഷിംഗ്ടണിലേക്ക് അയച്ചത്.