എഐ വിപ്ലവത്തിന് ശേഷം ആദ്യമായി കടപ്പത്ര വിപണിയിലേക്ക്; വമ്പന്‍ തുക സമാഹരിക്കാന്‍ എന്‍വിഡിയ

എഐ വിപ്ലവത്തിന് ശേഷം ആദ്യമായി കടപ്പത്ര വിപണിയിലേക്ക്; വമ്പന്‍ തുക സമാഹരിക്കാന്‍ എന്‍വിഡിയ

പ്രസിദ്ധീകരിച്ചത്: 16 Jun, 2026
ഷെയർ ചെയ്യുക:

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലുണ്ടായ വന്‍ കുതിച്ചുചാട്ടത്തിന് ശേഷം ആദ്യമായി കടപ്പത്ര വിപണിയിലൂടെ വന്‍ തുക സമാഹരിക്കാന്‍ ഒരുങ്ങി പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ. വിപണിയില്‍ നിന്ന് കുറഞ്ഞത് 20 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ എന്‍വിഡിയ യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് സമര്‍പ്പിച്ചെങ്കിലും കൃത്യമായ തുക പുറത്തുവിട്ടിട്ടില്ല.സമാഹരിക്കുന്ന തുക 25 ബില്യണ്‍ ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. നിലവില്‍ 7.5 ബില്യണ്‍ ഡോളറിന്റെ ദീര്‍ഘകാല കടവും ഒരു ബില്യണ്‍ ഡോളറിന്റെ ഹ്രസ്വകാല കടവുമാണ് എന്‍വിഡിയയ്ക്കുള്ളത്. മുന്‍പ് 2021 ലാണ് കമ്പനി അവസാനമായി ബോണ്ട് വില്‍പനയിലൂടെ 5 ബില്യണ്‍ ഡോളര്‍ സമാഹരിച്ചത്.

2022 ല്‍ ചാറ്റ് ജിപിടിയുടെ വരവോടെയാണ് എന്‍വിഡിയയുടെ ഗ്രാഫിക്‌സ് പ്രോസസിംഗ് യൂണിറ്റുകള്‍ക്ക് ആഗോളതലത്തില്‍ വന്‍ ഡിമാന്‍ഡ് ഉണ്ടായത്. ഇതോടെ കമ്പനിയുടെ വരുമാനത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടായി. 2022 സാമ്പത്തിക വര്‍ഷത്തില്‍ വെറും 27 ബില്യണ്‍ ഡോളറായിരുന്ന കമ്പനിയുടെ വരുമാനം 2026 സാമ്പത്തിക വര്‍ഷത്തില്‍ 216 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. നിലവിലുള്ള കടങ്ങള്‍ വീട്ടുന്നതിനും പുനക്രമീകരിക്കുന്നതിനും ഉള്‍പ്പെടെയുള്ള പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കായിരിക്കും ബോണ്ട് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക ഉപയോഗിക്കുകയെന്ന് കമ്പനി വക്താവ് അറിയിച്ചു.

ഓഹരി ഉടമകള്‍ക്ക് കൂടുതല്‍ ലാഭം ഉറപ്പാക്കുന്നതിനായി 80 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ തിരിച്ചുവാങ്ങുമെന്നും ഡിവിഡന്റ് നിരക്ക് ഉയര്‍ത്തുമെന്നും എന്‍വിഡിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു.