യുഎസ് - ഇറാൻ സമാധാന ചർച്ചകൾക്കിടെ ഇറാന് നേരെ വൻ സൈബർ ആക്രമണം
അമേരിക്കയുമായി ജനീവയിൽ വെച്ച് അതീവ സുപ്രധാനമായ സമാധാന ഉടമ്പടി ഒപ്പുവെക്കുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തിനിൽക്കെ, ഇറാന്റെ ബാങ്കിംഗ് മേഖലയെ ലക്ഷ്യമിട്ട് കടുത്ത സൈബർ ആക്രമണം (Cyberattack). രാജ്യത്തെ ഏറ്റവും വലിയ നാല് പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ ശൃംഖലയെയാണ് (Shared Communications Infrastructure) സൈബർ ക്രിമിനലുകൾ ഒരേസമയം ആക്രമിച്ചത്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ 'ഇർന'യെ (IRNA) ഉദ്ധരിച്ച് പ്രമുഖ മാധ്യമമായ 'അൽ അറേബ്യ'യാണ് (Al Arabiya) ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്.
നാഷണൽ ബാങ്ക് ഓഫ് ഇറാൻ (ബാങ്ക് മെല്ലി), ബാങ്ക് തേജാരത്, ബാങ്ക് സാദെരത് ഇറാൻ, എക്സ്പോർട്ട് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇറാൻ (ബാങ്ക് തൊസീ സാദെരത്) എന്നീ പ്രമുഖ ബാങ്കുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സൈബർ ആക്രമണത്തെ തുടർന്ന് തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലെ എടിഎമ്മുകൾ, മൊബൈൽ ബാങ്കിംഗ് ആപ്പുകൾ, കാർഡ് പേയ്‌മെന്റുകൾ, ഓൺലൈൻ ഇടപാടുകൾ എന്നിവ പൂർണ്ണമായി തടസ്സപ്പെട്ടു. സൂപ്പർമാർക്കറ്റുകളിലും റെസ്റ്റോറന്റുകളിലും പെട്രോൾ പമ്പുകളിലും ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ കഴിയാതെ ജനങ്ങൾ മണിക്കൂറുകളോളം കടുത്ത ദുരിതത്തിലായി.