പ്രസിഡന്റിന്റെ കിടപ്പുമുറിയ്ക്ക് മുന്നില്‍ യുഎഫ്‌സി ഒക്ടഗണ്‍; വൈറ്റ് ഹൗസ് ചരിത്രത്തില്‍ ആദ്യമായി കെയ്ജ് ഫൈറ്റ്
ആഭ്യന്തര-വിദേശ പ്രതിസന്ധികള്‍ക്കിടയിലും തന്റെ വേറിട്ട ശൈലി കൊണ്ട് വീണ്ടും ലോകശ്രദ്ധ ആകര്‍ഷിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ എണ്‍പതാം ജന്മദിനത്തോടനുബന്ധിച്ച് വൈറ്റ് ഹൗസിന്റെ തെക്കേ പുല്‍ത്തകിടിയില്‍ പ്രത്യേകം തയ്യാറാക്കിയ താല്‍ക്കാലിക അരീനയില്‍ ഏഴ് മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് മത്സരങ്ങള്‍ക്കാണ് ട്രംപ് ആതിഥേയത്വം വഹിക്കുന്നത്.അമേരിക്കന്‍ സ്വാതന്ത്ര്യത്തിന്റെ 250-ാം വാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി 'യുഎഫ്‌സി ഫ്രീഡം 250' എന്ന് പേരിട്ടിരിക്കുന്ന ഈ കായിക മാമാങ്കം, പ്രസിഡന്റിന്റെ കിടപ്പുമുറിയില്‍ നിന്ന് കാണാന്‍ സാധിക്കുന്ന ദൂരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രണ്ടാം വട്ട അധികാരമേറ്റെടുക്കലിന്റെ 17-ാം മാസത്തില്‍, തന്റെ അധികാരം ഉറപ്പിച്ചു നിര്‍ത്താനും കരുത്ത് പ്രകടിപ്പിക്കാനുമാണ് ട്രംപ് ഇത്തരം ഒരു നീക്കത്തിലൂടെ ശ്രമിക്കുന്നത്.
നാല് മാസം പിന്നിട്ട ഇറാന്‍ യുദ്ധം കാരണം അമേരിക്കയില്‍ ഉപഭോക്തൃ വില സൂചിക മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഇത് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ ആശങ്ക ഉണ്ടാക്കുന്നതിനിടയിലാണ് ഈ കായിക മത്സരം നടക്കുന്നത്. 'ദി ക്ലോ' എന്ന് പേരിട്ടിരിക്കുന്ന 92 അടി ഉയരമുള്ള താല്‍ക്കാലിക വേദിക്കുള്ളില്‍ 14 അന്താരാഷ്ട്ര കെയ്ജ് ഫൈറ്റര്‍മാരാണ് ഏറ്റുമുട്ടുന്നത്. ഇതില്‍ പ്രധാന മത്സരത്തില്‍ യുഎഫ്‌സി ലൈറ്റ്വെയ്റ്റ് ചാമ്പ്യന്‍ ഇലിയ ടോപുരിയയും ജസ്റ്റിന്‍ ഗേച്ചിയും തമ്മിലാണ് പോരാട്ടം.