കാഫിർ സ്ക്രീൻ ഷോട്ട് കേസ്; 'വടകര സ്ക്വാഡ്' വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരെ ചോദ്യം ചെയ്ത് അന്വേഷണ സംഘം
കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ വടകര സ്‌ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരെ ചോദ്യം ചെയ്ത് അന്വേഷണ സംഘം. വ്യാജ സ്‌ക്രീൻഷോട്ട് ആദ്യം വന്നത് വടകര സ്ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിലാണെന്നാണ് പോലീസിന്റെ നിഗമനം.അഞ്ച് ഗ്രൂപ്പ് അഡ്മിൻമാരെയാണ് സംഘം ചോദ്യം ചെയ്തത്.
ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കാഫിർ സ്‌ക്രീൻഷോട്ട് ലഭിച്ചത് വടകര സ്ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നായിരുന്നു. ഈ ഗ്രൂപ്പ് തന്നെയാണ് വ്യാജ സ്‌ക്രീൻഷോട്ടിൻ്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രത്യേക അന്വേഷണ സംഘം കരുതുന്നത്.
സ്‌ക്രീൻ ഷോട്ട് ഗ്രൂപ്പിലിട്ട ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.ജിതിൻ തന്നെയാണോ സ്‌ക്രീൻ ഷോട്ട് ഇട്ടത് അതോ വേറെ ആരെങ്കിലും ഇട്ടിരുന്നോ, അതിന് ശേഷം ഗ്രൂപ്പിൽ വന്ന സന്ദേശങ്ങൾ എന്തൊക്കെ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് സംഘം നിലവിൽ അന്വേഷിക്കുന്നത്.