യുഡിഎഫ് ധവളപത്രത്തിന് എൽഡിഎഫിന്റെ മറുപടി; എൽഡിഎഫ് ബദൽ ധവളപത്രം ഒരാഴ്ചയ്ക്കകം
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് യുഡിഎഫ് സർക്കാർ പുറത്തിറക്കാൻ തീരുമാനിച്ച ധവളപത്രത്തിന് മറുപടിയായി എൽഡിഎഫ് ബദൽ ധവളപത്രം തയ്യാറാക്കുന്നതായി റിപ്പോർട്ട്. മുൻ ധനമന്ത്രിമാരായ തോമസ് ഐസക്കും കെ.എൻ. ബാലഗോപാലിനുമാണ് രേഖ തയ്യാറാക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്.
ഒരാഴ്ചയ്ക്കുള്ളിൽ ബദൽ ധവളപത്രം പുറത്തിറക്കാനാണ് എൽഡിഎഫ് നേതൃത്വം ആലോചിക്കുന്നത്. യുഡിഎഫ് ധവളപത്ര പ്രഖ്യാപനത്തിന് പിന്നാലെ തന്നെ സ്വന്തം നിലപാട് വിശദീകരിക്കുന്ന രേഖ പുറത്തിറക്കുമെന്ന് എൽഡിഎഫ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ പത്ത് വർഷത്തെ ഭരണകാലത്ത് നടപ്പാക്കിയ ക്ഷേമപദ്ധതികൾ, വികസന പ്രവർത്തനങ്ങൾ, സാമ്പത്തിക മാനേജ്മെന്റ് എന്നിവയെക്കുറിച്ചുള്ള വിശദീകരണങ്ങൾ ബദൽ ധവളപത്രത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ക്ഷേമപദ്ധതികൾ തുടരാൻ സ്വീകരിച്ച നടപടികളും രേഖയിൽ പ്രതിപാദിക്കുമെന്നാണ് സൂചന.