'ടീം ലീഡർ'; കംബോഡിയ സൈബർ തട്ടിപ്പ് സംഘത്തിൽ മലയാളിക്ക് നിർണായക പങ്ക്;ഞെട്ടിക്കുന്ന വിവരങ്ങളുമായി പോലീസ്
കംബോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൈബർ തട്ടിപ്പ് ശൃംഖലയുമായി ബന്ധപ്പെട്ട കേസിൽ മലയാളിയായ അബ്ദു റഹ്മാന്റെ പങ്ക് നിർണായകമാണെന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് കണ്ടെത്തി. തൂത സ്വദേശിയായ ഇയാൾ സംഘത്തിൽ ‘ടീം ലീഡർ’ പദവിവരെ എത്തിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
നാല് വർഷം മുമ്പ് തൊഴിൽ തേടി കംബോഡിയയിലെത്തിയ അബ്ദു റഹ്മാൻ, തുടക്കത്തിൽ ചൈനീസ് സംഘങ്ങളുടെ നിയന്ത്രണത്തിലുള്ള തട്ടിപ്പ് കേന്ദ്രങ്ങളിൽ ഇരകളെ കണ്ടെത്തൽ, സന്ദേശങ്ങൾ അയയ്ക്കൽ, ഫോൺ കോളുകളിലൂടെ ബന്ധപ്പെടൽ തുടങ്ങിയ ജോലികളാണ് നിർവഹിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. പ്രവർത്തനത്തിലെ മികവിനെ തുടർന്ന് പിന്നീട് ഇയാളെ ടീം ലീഡർ സ്ഥാനത്തേക്ക് ഉയർത്തി. തുടർന്ന് ഇന്ത്യയിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യാനുള്ള ചുമതലയും ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒരാളെ കംബോഡിയയിലേക്ക് എത്തിക്കാൻ സാധിച്ചാൽ 3,000 ഡോളർ വരെ ലഭിച്ചിരുന്നുവെന്നും ഇയാൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
കൊച്ചിയിലെ ഒരു ഡോക്ടറിൽ നിന്ന് പണം തട്ടിയെടുത്ത കേസിലും ഇയാളുടെ പങ്ക് വ്യക്തമായതായി അന്വേഷണ സംഘം പറയുന്നു. മാട്രിമോണിയൽ വെബ്സൈറ്റിലൂടെ യുവതിയെന്ന വ്യാജേന പരിചയപ്പെട്ട് വിശ്വാസം നേടിയ ശേഷം, വിവാഹ ശേഷമുള്ള സാമ്പത്തിക സുരക്ഷയുടെ പേരിൽ ട്രേഡിങ് നിക്ഷേപത്തിലേക്ക് പ്രേരിപ്പിച്ച് പണം തട്ടിയെടുത്തതായാണ് കണ്ടെത്തൽ.