ആരോഗ്യ വകുപ്പ് കൂടുതൽ “കല്ലേറ്” കിട്ടുന്ന വകുപ്പ്: കെ. മുരളീധരൻ
എത്ര പ്രവർത്തിച്ചാലും കൂടുതൽ കല്ലേറ് കിട്ടുന്ന വകുപ്പ് ആരോഗ്യ വകുപ്പാണെന്ന് മന്ത്രി കെ. മുരളീധരൻ. വയനാട് മെഡിക്കൽ കോളേജ് ചിലരുടെ വാശിക്ക് തുടങ്ങിയതുപോലെയാണെന്നും, വികസനത്തിന് ആവശ്യമായ സ്ഥലം ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ചുറ്റുമുള്ളത് വനഭൂമിയായതിനാൽ വനംവകുപ്പിൽ നിന്ന് സ്ഥലം ലഭിക്കുന്നതിൽ വലിയ പ്രതിസന്ധിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കൽ കോളേജുകളിൽ രോഗികളെ നിലത്ത് കിടത്തരുതെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും അത് ഒരു ദിവസം കൊണ്ട് നടപ്പാക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. താഴെത്തട്ടിലെ ആശുപത്രികൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയെ സ്വകാര്യവത്കരിക്കുന്നു എന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നടന്ന ‘കായകൽപ്പം’ ജനസമ്പർക്ക പരിപാടിയിലാണ് മന്ത്രി സംസാരിച്ചത്. ആശുപത്രി വികസനത്തിന് സിഎസ്ആർ ഫണ്ട് ഉപയോഗിക്കണമെന്ന നിർദേശത്തെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും, അത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.