സിഎംആർഎല്ലിന് തിരിച്ചടി: എസ്എഫ്ഐഒ രേഖകൾ ഇ.ഡിക്ക് കൈമാറാൻ കോടതി ഉത്തരവ്
സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അനുകൂലമായ നിർണായക ഉത്തരവുമായി കൊച്ചി പിഎംഎൽഎ കോടതി. കേസുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) പിടിച്ചെടുത്ത രേഖകൾ ഇ.ഡിക്ക് കൈമാറാൻ കോടതി നിർദേശിച്ചു.
കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനായി എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ടും പിടിച്ചെടുത്ത രേഖകളും ഉൾപ്പെടെ 134 രേഖകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കോടതിയെ സമീപിച്ചിരുന്നു. അപേക്ഷ പരിഗണിച്ച കോടതി രേഖകൾ കൈമാറാൻ ഉത്തരവിടുകയായിരുന്നു.
എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്ന സമയത്തും ഇ.ഡി സമാന ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അന്ന് കോടതി അനുമതി നൽകിയിരുന്നില്ല. എന്നാൽ അടുത്തിടെ കേസിൽ അന്വേഷണം തുടരാൻ ഇ.ഡിക്ക് അനുമതി ലഭിച്ചതിന് പിന്നാലെയാണ് രേഖകൾ കൈമാറാനുള്ള പുതിയ ഉത്തരവ് വന്നിരിക്കുന്നത്.