മാർക്ക് ലിസ്റ്റ് തിരുത്തി എഞ്ചിനീയറിങ് സർട്ടിഫിക്കറ്റ് നേടാൻ ശ്രമം; തൃശൂർ സ്വദേശി തിരുവനന്തപുരത്ത് പിടിയിൽ
വ്യാജ രേഖകൾ ഉപയോഗിച്ച് എഞ്ചിനീയറിങ് സർട്ടിഫിക്കറ്റ് കൈവശപ്പെടുത്താൻ ശ്രമിച്ചയാളെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കൂർക്കാശ്ശേരി ശക്തൻ നഗർ സ്വദേശിയായ സനിൽ ജോസ് (51) ആണ് പിടിയിലായത്.
കൈമനത്തുള്ള സാങ്കേതിക പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ നിന്ന് തട്ടിപ്പിലൂടെ എഞ്ചിനീയറിങ് സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം പുറത്തായത്. സാങ്കേതിക പരീക്ഷാ ജോയിന്റ് കൺട്രോളർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.മുൻപ് എഴുതിയ എഞ്ചിനീയറിങ് പരീക്ഷയിൽ പരാജയപ്പെട്ടിരുന്ന സനിൽ ജോസ്, പരീക്ഷാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുവെന്ന് അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിന് ശ്രമിച്ചത്. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ആവശ്യമായ രേഖകൾ സമർപ്പിക്കുന്നതിനൊപ്പം നിലവിലുള്ള മാർക്ക് ലിസ്റ്റിൽ കൃത്രിമമായി തിരുത്തൽ വരുത്തി താൻ പരീക്ഷയിൽ വിജയിച്ചതായി രേഖപ്പെടുത്തുകയും ചെയ്തു.