‘പ്രതിപക്ഷ നേതാവാകാൻ പിണറായി തന്നെ മികച്ചത്’; എം.വി. ഗോവിന്ദൻ രാജിവെക്കണമെന്നും ടി.കെ. ഗോവിന്ദൻ
സിപിഎം വിട്ട മുൻ നേതാവും തളിപ്പറമ്പ് എംഎൽഎയുമായ ടി.കെ. ഗോവിന്ദൻ, പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയൻ തന്നെയാണ് ഏറ്റവും അനുയോജ്യനെന്ന് അഭിപ്രായപ്പെട്ടു. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ മുന്നോട്ട് നയിക്കാനുള്ള രാഷ്ട്രീയ പരിചയവും നേതൃത്വ ശേഷിയും അദ്ദേഹത്തിനുണ്ടെന്നും, എന്നാൽ പ്രവർത്തന ശൈലിയിൽ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും പിണറായി വിജയനിൽ മാത്രം ചുമത്താനാകില്ലെന്നും, അത് സിപിഎമ്മിന്റെ കൂട്ടായ പരാജയമാണെന്നും ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി. പിണറായി വിജയന് ഉത്തരവാദിത്തമില്ലെന്നല്ല, എന്നാൽ പരാജയത്തിന് പിന്നിൽ പാർട്ടിയുടെ സമഗ്രമായ വീഴ്ചകളാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തെരഞ്ഞെടുപ്പ് പരാജയത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്ഥാനം ഒഴിയണമെന്ന് ടി.കെ. ഗോവിന്ദൻ ആവശ്യപ്പെട്ടു. പരാജയത്തിന് കാരണമായ നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചാൽ അത് ജനങ്ങൾക്കിടയിൽ വിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.