നല്ല വിശ്വാസികൾക്കും നല്ല കമ്മ്യൂണിസ്റ്റാവാം; വിമർശകർക്ക് മറുപടിയുമായി കെടി ജലീൽ

നല്ല വിശ്വാസികൾക്കും നല്ല കമ്മ്യൂണിസ്റ്റാവാം; വിമർശകർക്ക് മറുപടിയുമായി കെടി ജലീൽ

പ്രസിദ്ധീകരിച്ചത്: 06 Jun, 2026
ഷെയർ ചെയ്യുക:

വിശ്വാസികൾക്ക് സിപിഎമ്മിൽ ചേരാനാകില്ലെന്ന സമസ്ത നേതാവ് സത്താർ പന്തല്ലൂരിന്റെ പ്രസ്താവനയ്ക്ക് പരോക്ഷ മറുപടി നൽകി കെ.ടി.ജലീൽ. വിശ്വാസികളെ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ജലീൽ സിപിഎമ്മിൽ അംഗത്വം എടുത്തതിന് പിന്നാലെയായിരുന്നു സമസ്ത നേതാവിന്റെ പ്രസ്താവന.

ഒരു തമ്പുരാന്റെയും അരയിൽ തൂക്കി ഇട്ടതല്ല നമ്മുടെ മോക്ഷത്തിന്റെ താക്കോലെന്നും ജലീൽ വിമർശിച്ചു.  'മനുഷ്യരുടെ ഭൗതിക മോചനത്തിനായി പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ വിശ്വാസികൾ അംഗത്വമെടുക്കുക. ഒരു തമ്പുരാന്റെയും അരയിൽ തൂക്കി ഇട്ടതല്ല നമ്മുടെ മോക്ഷത്തിന്റെ താക്കോൽ! അത് നമ്മുടെ ഓരോരുത്തരുടെയും പ്രവർത്തികളിലാണ് തൂക്കിയിട്ടിരിക്കുന്നത്. ദൈവത്തിന്റെ നോട്ടം മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണ്. അല്ലാതെ ഓരോരുത്തരുടെയും പാർട്ടി മെമ്പർഷിപ്പിലേക്കല്ല!' ജലീൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

 

മതനിഷേധിയോ യുക്തിവാദിയോ ആയവർക്ക് മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം നൽകൂ എന്ന് ലോകത്തെ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഭരണഘടനയിൽ പറഞ്ഞിട്ടില്ലെന്ന് ജലീൽ വ്യക്തമാക്കി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി കേവലമൊരു ദാർശനിക പാർട്ടി മാത്രമല്ല, അതൊരു പ്രായോഗിക രാഷ്ട്രീയ സംഘടന കൂടിയാണ്. പാർട്ടിയുടെ രാഷ്ട്രീയ പ്രമേയങ്ങൾ അംഗീകരിച്ച് നടപ്പിലാക്കാൻ സന്നദ്ധരായ ഏത് വിശ്വാസിക്കും പാർട്ടിയിൽ അംഗത്വം നൽകുമെന്ന കാര്യം മുൻപ് ഇ.എം.എസ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.