കാഫിർ സ്ക്രീൻഷോട്ട് കേസ്: ചിത്രം എവിടെ നിന്ന് ലഭിച്ചതെന്ന് അറിയില്ലെന്ന് സൈബർ ഗ്രൂപ്പ് അഡ്മിൻ
പ്രസിദ്ധീകരിച്ചത്: 06 Jun, 2026
വടകര ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വിവാദമായ 'കാഫിർ' സ്ക്രീൻഷോട്ട് കേസിൽ നിർണായക മൊഴിയുമായി ഇടത് അനുകൂല സൈബർ ഗ്രൂപ്പ് അഡ്മിൻ. സ്ക്രീൻഷോട്ട് എവിടെ നിന്നാണ് ലഭിച്ചതെന്ന് അറിയില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
വടകര സ്ക്വാഡ് എന്ന സൈബർ ഗ്രൂപ്പിന്റെ അഡ്മിനും വടകര തിരുവള്ളൂർ സ്വദേശിയുമായ ജിതിനാണ് അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയത്. കാഫിർ സ്ക്രീൻഷോട്ട് ആദ്യം വ്യാപകമായി പ്രചരിച്ച ഗ്രൂപ്പുകളിൽ ഒന്നായ വടകര സ്ക്വാഡിൽ നിന്നാണ് ചിത്രം ഷെയർ ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇതിനിടെ, കേസിലെ അന്വേഷണം തൃപ്തികരമായി മുന്നോട്ടുപോകുകയാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ് പ്രതികരിച്ചു. നിലവിൽ അന്വേഷണത്തിനെതിരെ ആക്ഷേപങ്ങളൊന്നുമില്ലെന്നും അന്വേഷണം പൂർത്തിയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.