സി സദാനന്ദന്‍ കേന്ദ്രമന്ത്രി ആകുമോ? ജോര്‍ജ് കുര്യന്‍ ഒഴിയുമോ? കേന്ദ്ര മന്ത്രിസഭയിലും വൻ അഴിച്ചുപണി
കേന്ദ്ര ഭരണത്തിലും പാർട്ടി സംഘടനയിലും സമഗ്രമായ അഴിച്ചുപണിക്ക് ബിജെപി കേന്ദ്ര നേതൃത്വം ഒരുങ്ങുന്നു. ഭരണത്തിൽ കൂടുതൽ കരുത്ത് പകരുന്നതിനും വരാനിരിക്കുന്ന നിർണ്ണായക രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടുന്നതിനുമായി കേന്ദ്ര മന്ത്രിസഭാ പുനസംഘടന രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കുമെന്നാണ് വിവരം.
പന്ത്രണ്ടോളം കേന്ദ്ര മന്ത്രിമാരുടെ വകുപ്പുകൾ മാറുമെന്നും പ്രകടനം തൃപ്തികരമല്ലാത്ത നാല് മന്ത്രിമാർ മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ടേക്കുമെന്നും ശക്തമായ സൂചനകളുണ്ട്. ഇതിനകം തന്നെ ബിജെപി സംഘടനയ്ക്കുള്ളിൽ അഴിച്ചുപണികൾ ആരംഭിച്ചുകഴിഞ്ഞു.
കേന്ദ്ര മന്ത്രിസഭാ പുനസംഘടനയുടെ വാർത്തകൾ പുറത്തുവന്നതോടെ കേരളത്തിലെ ബിജെപി അണികളും ഏറെ ആകാംഷയിലാണ്. ജോർജ് കുര്യൻ പദവിയിൽ തുടരുമോ എന്നതാണ് പ്രധാന ചോദ്യം. തൃശ്ശൂരിൽ നിന്നുള്ള ലോക്സഭാംഗവും ടൂറിസം, പെട്രോളിയം വകുപ്പ് സഹമന്ത്രിയുമായ സുരേഷ് ഗോപി നിലവിലെ സ്ഥാനത്ത് തന്നെ തുടരാനാണ് കൂടുതൽ സാധ്യത.
അതേസമയം, ഒ. രാജഗോപാലിന് ശേഷം ബിജെപിയുടെ കേരളത്തിലെ മുതിർന്ന നേതാക്കളിലൊരാളായ സി. സദാനന്ദൻ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുമോ എന്ന ചർച്ചകളും സജീവമാണ്.
കൂടാതെ, ദേശീയ തലത്തിൽ ബിജെപിയുടെ നിർണ്ണായക ചുമതലകൾ വഹിക്കുന്ന അനിൽ കെ. ആന്റണിയുടെ പേരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ കേരള ബിജെപിയിൽ പുതിയ പ്രഭാരിയെ നിയമിച്ചേക്കുമെന്നും സൂചനയുണ്ട്.