ബ്രസീലിന് മേൽ 25% അധിക നികുതി ചുമത്താൻ യു.എസ് നീക്കം

ബ്രസീലിന് മേൽ 25% അധിക നികുതി ചുമത്താൻ യു.എസ് നീക്കം

പ്രസിദ്ധീകരിച്ചത്: 02 Jun, 2026
ഷെയർ ചെയ്യുക:

ഡിജിറ്റൽ വ്യാപാരം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ ബ്രസീൽ സ്വീകരിക്കുന്ന നിലപാടുകൾ അമേരിക്കയോടുള്ള വിവേചനമാണെന്ന് ആരോപിച്ച് ബ്രസീലിയൻ ഉൽപന്നങ്ങൾക്ക് മേൽ 25 ശതമാനം താരിഫ്  ചുമത്താൻ ട്രംപ് ഭരണകൂടം.

 

യു.എസ് ട്രേഡ് റെപ്രസന്റേറ്റീവ് (USTR) ഓഫീസാണ് ഈ പുതിയ നികുതി നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ബ്രസീലിന്റെ വ്യാപാര നയങ്ങളെക്കുറിച്ച് കഴിഞ്ഞ വർഷം 'സെക്ഷൻ 301' പ്രകാരം ആരംഭിച്ച അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ടാണ് യു.എസ് ഈ കടുത്ത സാമ്പത്തിക നടപടിക്ക് ഒരുങ്ങുന്നത്.

ഡിജിറ്റൽ വ്യാപാരം, ഇലക്ട്രോണിക് പേയ്‌മെന്റ് സേവനങ്ങൾ, ബൗദ്ധിക സ്വത്ത് അവകാശ സംരക്ഷണം, എഥനോൾ വിപണിയിലെ നിയന്ത്രണങ്ങൾ എന്നിവയ്ക്ക് പുറമെ ബ്രസീലിൽ നടക്കുന്ന നിയമവിരുദ്ധമായ വനനശീകരണവും  അമേരിക്കൻ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നതായി യു.എസ് അന്വേഷണത്തിൽ കണ്ടെത്തി.

എന്നാൽ, അമേരിക്കൻ വിപണിയെയും ഉപഭോക്താക്കളെയും ബാധിക്കാതിരിക്കാൻ ബ്രസീലിൽ നിന്നുള്ള പ്രധാന ഇറക്കുമതി ഉൽപന്നങ്ങളായ ബീഫ്, കാപ്പി, വിമാന ഭാഗങ്ങൾ, അത്യപൂർവ്വ ധാതുക്കൾ എന്നിവയെ പുതിയ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

ട്രംപിന്റെ അടുത്ത സഖ്യകക്ഷിയായ ബ്രസീൽ മുൻ പ്രസിഡന്റ് ജെയർ ബോൾസനാരോയെ വിചാരണ ചെയ്തതിനുള്ള പ്രതികാരമായി കഴിഞ്ഞ വർഷം ബ്രസീലിയൻ ഉൽപന്നങ്ങൾക്ക് മേൽ ട്രംപ് 50 ശതമാനം നികുതി ചുമത്തിയിരുന്നു.

 

അന്താരാഷ്ട്ര അടിയന്തിരാവസ്ഥാ സാമ്പത്തിക അധികാര നിയമം ദുരുപയോഗം ചെയ്ത് നടപ്പിലാക്കിയ ഈ ഉത്തരവ് ഈ വർഷം ഫെബ്രുവരിയിൽ യു.എസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.