മാസപ്പടി കേസ്: സിഎംആര്‍എല്ലിനും ഇഡിക്കും നാളെ നര്‍ണായകം; തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറും

മാസപ്പടി കേസ്: സിഎംആര്‍എല്ലിനും ഇഡിക്കും നാളെ നര്‍ണായകം; തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറും

പ്രസിദ്ധീകരിച്ചത്: 31 May, 2026
ഷെയർ ചെയ്യുക:

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മാസപ്പടി കേസില്‍ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഇന്ന് അതിനിര്‍ണായക ദിനം. ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും. ജസ്റ്റിസ് രാജാ വിജയരാഘവന്റെ ബെഞ്ചിന് മുന്നില്‍ അഞ്ചാമത്തെ കേസായാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

കോടതിയില്‍ ശക്തമായ നിയമപോരാട്ടത്തിനാണ് ഇരുവിഭാഗവും ഒരുങ്ങുന്നത്. മുതിര്‍ന്ന അഭിഭാഷകരെ അണിനിരത്തി അനുകൂല ഉത്തരവ് സമ്പാദിക്കാനാണ് സിഎംആര്‍എല്‍ ശ്രമം. എന്നാല്‍, അന്വേഷണവുമായി ശക്തമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഇഡിയുടെ തീരുമാനം.
മുദ്രവെച്ച കവറില്‍ തെളിവുകള്‍; വീണയുടെ പങ്കും വ്യക്തമാക്കും

തങ്ങള്‍ക്കെതിരെ യാതൊരുവിധ തെളിവുകളുമില്ലാതെയാണ് ഇഡി നീങ്ങുന്നതെന്ന സിഎംആര്‍എല്ലിന്റെ വാദത്തെ കോടതിയില്‍ ശക്തമായി പ്രതിരോധിക്കാനാണ് ഇഡിയുടെ നീക്കം. ഇതിനായി കമ്പനിയില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച നിര്‍ണായക വിവരങ്ങളും ഡിജിറ്റല്‍ തെളിവുകളും മുദ്രവെച്ച കവറില്‍ ഇഡി കോടതിക്ക് കൈമാറും.

മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ അടക്കമുള്ളവര്‍ക്ക് കേസുമായുള്ള ബന്ധവും അതിലേക്ക് നയിച്ച സാഹചര്യങ്ങളും ഇഡി കോടതിയെ ബോധ്യപ്പെടുത്തും. ഇഡിക്കായി അഡീഷണല്‍ സോളിസിറ്റര്‍ ജനറലായിരിക്കും കോടതിയില്‍ ഹാജരാകുക. ഡല്‍ഹി ഡയറക്ടറേറ്റുമായി കൃത്യമായ കൂടിയാലോചനകള്‍ നടത്തിയാണ് ഇഡി നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്.

സിഎംആര്‍എല്‍ ഓഫീസിലും ഉദ്യോഗസ്ഥരുടെ വീടുകളിലും നടത്തിയ പരിശോധനയ്ക്കിടെ ഉണ്ടായ അനിഷ്ട സംഭവങ്ങളും ഇഡി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. റെയ്ഡിനിടെ ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചതടക്കമുള്ള വിവരങ്ങള്‍ ഡിവിഷന്‍ ബെഞ്ചിനെ ബോധ്യപ്പെടുത്തി, കമ്പനിയുടെ സ്റ്റേ ആവശ്യത്തെ ശക്തമായി എതിര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.