മെട്രോ നിർമ്മാണ സ്ഥലത്ത് നിന്ന് ഇരുമ്പുകഷണം വീണ് ഉണ്ടായ അപകടം
പ്രസിദ്ധീകരിച്ചത്: 29 May, 2026
കൊച്ചി മെട്രോ റെയിൽ നിർമ്മാണ സ്ഥലത്ത് നിന്നും ഇരുമ്പുകഷണം കാറിന് മുകളിൽ വീണ് സ്ത്രീക്ക് പരിക്കേറ്റ സംഭവത്തിൽ ആർഡിഒ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
അപകടം ഉണ്ടാകാൻ കാരണമായ സാഹചര്യം, സ്ത്രീക്ക് സംഭവിച്ച പരിക്കുകളുടെ വിശദാംശങ്ങൾ, വാഹനത്തിനുണ്ടായ കേടുപാടുകൾ, നഷ്ടപരിഹാരം നൽകിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ ആർഡിഒ അന്വേഷിച്ച് മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് നിർദേശം.
ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും (കെഎംആർഎൽ) കരാറുകാരും സ്വീകരിച്ച സുരക്ഷാ നടപടികളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. അപകടത്തിൽപ്പെട്ട വ്യക്തിയുടെ വിലാസവും റിപ്പോർട്ടിൽ രേഖപ്പെടുത്തണമെന്നും കമ്മീഷൻ നിർദേശിച്ചു.