യുഎസ് ജനസംഖ്യാ വളര്‍ച്ച തകര്‍ച്ചയിലേക്ക്: കാരണങ്ങളും ആഗോള പ്രത്യാഘാതങ്ങളും
അമേരിക്കന്‍ ഐക്യനാടുകള്‍ ചരിത്രപരമായ ഒരു ജനസംഖ്യാ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രാജ്യം പ്രായമേറിയവരുടെ ഒരു യുഗത്തിലേക്ക് നീങ്ങുമ്പോള്‍, ജനനനിരക്ക് റെക്കോര്‍ഡ് താഴ്ന്ന നിലയിലാണ്. ജനസംഖ്യ സ്വയം നിലനിര്‍ത്താന്‍ ആവശ്യമായ കുട്ടികള്‍ പോലും ഇവിടെ ജനിക്കുന്നില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളാലും കുടിയേറ്റക്കാരാലും കെട്ടിപ്പടുക്കപ്പെട്ട ഒരു രാജ്യത്തിന് ഇത് ആദ്യത്തെ അനുഭവമാണ്.എന്തുകൊണ്ടാണ് യുഎസില്‍ ജനസംഖ്യാ വളര്‍ച്ച ഇത്രയധികം മന്ദഗതിയിലായത്?മുന്‍ കാലങ്ങളില്‍ യുഎസിന്റെ ജനസംഖ്യാ വളര്‍ച്ച നിലനിര്‍ത്തിയിരുന്നത് കുടിയേറ്റക്കാരായിരുന്നു. 2020 മുതല്‍ രാജ്യത്തെ വാര്‍ഷിക ജനസംഖ്യാ വളര്‍ച്ച വെറും 0.6% മാത്രമാണ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണങ്ങളും നിലവിലുള്ളവരെ നാടുകടത്താനുള്ള ശ്രമങ്ങളും ജനസംഖ്യാ വളര്‍ച്ചയെ വിപരീത ദിശയിലേക്ക് നയിച്ചു. ഈ പ്രവണത തുടര്‍ന്നാല്‍ 2050 ഓടെ യുഎസ് ജനസംഖ്യ പൂര്‍ണ്ണമായും നിശ്ചലമാകാന്‍ സാധ്യതയുണ്ട്.കുട്ടികളെ വളര്‍ത്തുക എന്നത് ഇന്നത്തെ കാലത്ത് കടുത്ത സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു. ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 1985 ന് ശേഷം മൊത്തത്തിലുള്ള പണപ്പെരുപ്പത്തേക്കാള്‍ വേഗത്തിലാണ് ഭവന ചെലവുകള്‍, ആരോഗ്യ സംരക്ഷണം, ഉന്നത വിദ്യാഭ്യാസം, ശിശുസംരക്ഷണം എന്നി ചെലവുകള്‍ ഉയര്‍ന്നത്. 2007-2009 കാലഘട്ടത്തിലെ സാമ്പത്തിക മാന്ദ്യവും പുരുഷന്മാരുടെ തൊഴില്‍ പങ്കാളിത്തത്തില്‍ ഉണ്ടായ കുറവും കുടുംബം എന്ന ആശയത്തില്‍ നിന്ന് യുവാക്കളെ പിന്നോട്ട് വലിക്കാന്‍ കാരണമായി.