പുലിയുടെ ആക്രമണത്തിന് പിന്നാലെ ചികിത്സ തേടിയില്ല; കൊല്ലത്ത് പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു
പേവിഷബാധയെ തുടർന്ന് കൊല്ലത്ത് വീട്ടമ്മ മരിച്ച സംഭവം വലിയ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്. ആര്യങ്കാവ് കരയാളർമെത്ത് ഗിരിജൻ നഗറിൽ കുഞ്ഞമ്മ (54) ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് കുഞ്ഞമ്മയ്ക്ക് പുലിയുടെ ആക്രമണത്തിൽ നിസാരമായി പരിക്കേറ്റത്. എന്നാൽ ചികിത്സയോ വാക്‌സിനേഷനോ സ്വീകരിച്ചിരുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
രാത്രിയിൽ വീട്ടിൽ ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. വളർത്തുനായയെ പിടിക്കാൻ എത്തിയ പുലി നായയെ പിന്തുടരുന്നതിനിടെ രക്ഷ തേടി നായ വീട്ടമ്മയുടെ അരികിലേക്ക് ഓടിയെത്തി. നായയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുലിയുടെ നഖം കൊണ്ട് കുഞ്ഞമ്മയ്ക്ക് പരിക്കേറ്റത്.
ഈ മാസം രണ്ടിനാണ് പനിയും വിറയലും അനുഭവപ്പെട്ടത്. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും ആദ്യം അവിടെ പോകാതെ വീട്ടിലേക്ക് മടങ്ങി. തുടർന്ന് പൊലീസ് ഇടപെട്ട് ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ പേവിഷബാധ സ്ഥിരീകരിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.