ഇത് ഉത്തരേന്ത്യയല്ല, വലിയ തിരിച്ചടിയുണ്ടാകും'; മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ ലീഗിന് കടുത്ത അതൃപ്തി
നിയസഭ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ തുടരുന്ന അനിശ്ചിതത്വത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഇനിയും വൈകുന്നത് രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നാണ് ലീഗിന്റെ മുന്നറിയിപ്പ്. തീരുമാനം വൈകുന്നത് പാർട്ടി പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും വലിയ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾ ഹമീദ് പറഞ്ഞു. തീരുമാനം ഇപ്പോൾ തന്നെ വൈകിയിട്ടുണ്ട്. ഇത് ഇനിയും നീണ്ടുപോയാൽ വലിയ തിരിച്ചടിയുണ്ടാകും. എ.ഐ.സി.സി നേതൃത്വം ഇത് തിരിച്ചറിയുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള ജനങ്ങൾ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിലെ കാലതാമസത്തെ ചോദ്യം ചെയ്യുന്നുണ്ട്. എന്തിനാണ് യു.ഡി.എഫിന് വോട്ട് ചെയ്തതെന്ന് ചോദിച്ച് കൊണ്ട് ജില്ലയിലെ സ്ത്രീകൾ ഉൾപ്പെടെ പാർട്ടി നേതാക്കളെ വിളിക്കുന്നുണ്ടെന്നും അബ്ദുൽ ഹമീദ് പറഞ്ഞു. വിഷയത്തിലെ ലീഗിന്റെ നിലപാട് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.