ഇറാന്റെ സമാധാന നിര്‍ദ്ദേശങ്ങള്‍ തള്ളി ട്രംപ്; പ്രതിസന്ധി മാറാതെ പശ്ചിമേഷ്യ

ഇറാന്റെ സമാധാന നിര്‍ദ്ദേശങ്ങള്‍ തള്ളി ട്രംപ്; പ്രതിസന്ധി മാറാതെ പശ്ചിമേഷ്യ

പ്രസിദ്ധീകരിച്ചത്: 11 May, 2026
ഷെയർ ചെയ്യുക:

ഇറാന്റെ സമാധാന നിര്‍ദ്ദേശങ്ങള്‍ തള്ളിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രതികരണം ആഗോളതലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മാസങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാന്‍ സമര്‍പ്പിച്ച ഏറ്റവും പുതിയ സമാധാന നിര്‍ദ്ദേശത്തെ ട്രംപ് പൂര്‍ണ്ണമായും തള്ളിയതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്


ഇറാന്റെ ഭാഗത്തുനിന്നുള്ള സമാധാന നീക്കങ്ങളെ 'I don't like it'എന്ന് പറഞ്ഞുക്കൊണ്ടാണ് ട്രംപ് തള്ളിയത്. ഈ നിര്‍ദ്ദേശങ്ങള്‍ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കും സുരക്ഷയ്ക്കും വിരുദ്ധമാണെന്ന നിലപാടിലാണ് അദ്ദേഹം. വെറുമൊരു സമാധാന ചര്‍ച്ച എന്നതിലുപരി, കൂടുതല്‍ കര്‍ശനമായ ഉപാധികള്‍ ഇറാന്‍ പാലിക്കണമെന്നത് ട്രംപ് ഭരണകൂടത്തിന്റെ നിര്‍ബന്ധമാണ്. പാകിസ്ഥാന്‍ മധ്യസ്ഥര്‍ മുഖേന ഇറാന്‍ സമര്‍പ്പിച്ച മറുപടി താന്‍ വായിച്ചുവെന്നും എന്നാല്‍ ഇതിലെ വ്യവസ്ഥകളോട് തനിക്ക് വിയോജിപ്പാണെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴിയാണ് വ്യക്തമാക്കിയത്.

ഗള്‍ഫ് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കപ്പെടുമെന്ന് ലോകം പ്രതീക്ഷിച്ചിരുന്ന സമയത്താണ് ഈ തിരിച്ചടി. ഇത് മേഖലയിലെ പിരിമുറുക്കം വര്‍ധിപ്പിക്കാന്‍ കാരണമായേക്കാം. കൂടാതെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സമാധാന ശ്രമങ്ങള്‍ക്ക് ഈ നിലപാട് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ട്രംപിന്റെ വിദേശനയം പലപ്പോഴും 'അമേരിക്ക ഫസ്റ്റ്' എന്ന തത്വത്തില്‍ അധിഷ്ഠിതമാണ്. അതിനാല്‍ തന്നെ, മുന്‍പുള്ള കരാറുകളില്‍ നിന്നോ നിര്‍ദ്ദേശങ്ങളില്‍ നിന്നോ പെട്ടെന്നുള്ള പിന്മാറ്റം അദ്ദേഹത്തിന്റെ ശൈലിയുടെ ഭാഗമാണ്.

സമാധാന നീക്കത്തിന്റെ ഭാഗമായാണ് പാകിസ്ഥാന്‍ വഴി ഇറാന്‍ തങ്ങളുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ യു.എസിന് കൈമാറിയത്. എന്നാല്‍ ഇറാന്റെ ആണവ പദ്ധതികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇറാന്റെ ആണവ ശേഷി പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന അമേരിക്കയുടെ കര്‍ശന ഉപാധിയെ ടെഹ്റാന്‍ ശക്തമായി എതിര്‍ക്കുന്നതാണ് നിലവിലെ തടസം.

രണ്ട് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്.

 

 

 
 
 
 

.