ഒരാളെ ഇടിച്ച് എഞ്ചിന് തീപിടിച്ചു'; പൈലറ്റിന്റെ സന്ദേശത്തിന് പിന്നാലെ ഡെന്‍വര്‍ വിമാനത്താവളത്തില്‍ വന്‍ രക്ഷാപ്രവര്‍ത്തനം

ഒരാളെ ഇടിച്ച് എഞ്ചിന് തീപിടിച്ചു'; പൈലറ്റിന്റെ സന്ദേശത്തിന് പിന്നാലെ ഡെന്‍വര്‍ വിമാനത്താവളത്തില്‍ വന്‍ രക്ഷാപ്രവര്‍ത്തനം

പ്രസിദ്ധീകരിച്ചത്: 10 May, 2026
ഷെയർ ചെയ്യുക:

ഡെന്‍വര്‍: റണ്‍വേയിലേക്ക് അതിക്രമിച്ചു കയറിയതിനെ തുടര്‍ന്ന് പറന്നുയരാന്‍ തുടങ്ങിയ വിമാനം ഇടിച്ചയാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വെള്ളിയാഴ്ച രാത്രി അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന അപകടത്തില്‍ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചെങ്കിലും 224 യാത്രക്കാരും സുരക്ഷിതരായി പുറത്തെത്തി. ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സിന്റെ ഫ്‌ലൈറ്റ് 4345 (എയര്‍ബസ് എ321) ആണ് അപകടത്തില്‍പ്പെട്ടത്. റണ്‍വേയുടെ സുരക്ഷാ വേലി ചാടിക്കടന്ന് ഓടിയെത്തിയ വ്യക്തിയെ വിമാനം ഇടിക്കുകയായിരുന്നു.'ഒരാളെ ഇടിച്ചു, എഞ്ചിന് തീപിടിച്ചു' എന്ന പൈലറ്റിന്റെ പരിഭ്രാന്തി നിറഞ്ഞ സന്ദേശം എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. ഉടന്‍ തന്നെ പൈലറ്റ് ടേക്ക് ഓഫ് ഒഴിവാക്കി വിമാനം റണ്‍വേയില്‍ നിര്‍ത്തി. അപകടത്തെത്തുടര്‍ന്ന് വിമാനത്തിന്റെ ക്യാബിനില്‍ പുക നിറഞ്ഞത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ഉടന്‍ തന്നെ ഡെന്‍വര്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് എത്തി തീ അണയ്ക്കുകയും യാത്രക്കാരെയും ഏഴ് ക്രൂ അംഗങ്ങളെയും സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്തു. വിമാനം പൊട്ടിത്തെറിക്കുമെന്നും താന്‍ വെന്തുമരിക്കുമെന്നും കരുതിയതായി ജോസ് സെര്‍വാന്റസ് എന്ന യാത്രക്കാരന്‍ പ്രതികരിച്ചു. വിമാനത്തിന്റെ വലതുവശത്ത് തീയും പുകയും കണ്ടതോടെ യാത്രക്കാര്‍ ഭയന്നു വിറച്ചു. പന്ത്രണ്ട് യാത്രക്കാര്‍ക്ക് ഒഴിപ്പിക്കലിനിടെ നിസാര പരിക്കേറ്റു. ഇതില്‍ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ ലംഘിച്ച് മനപൂര്‍വമാണ് ഒരാള്‍ റണ്‍വേയിലേക്ക് അതിക്രമിച്ചു കയറിയതെന്ന് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി പറഞ്ഞു. ഇയാള്‍ വിമാനത്താവള ജീവനക്കാരനല്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടര്‍ന്ന് റണ്‍വേ അടയ്ക്കുകയും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിക്കുകയും ചെയ്തു.