തെരുവ് യുദ്ധം അവസാനിപ്പിക്കണം, അണികളെ നേതാക്കൾ നിയന്ത്രിക്കണം: അടൂർ പ്രകാശ്

തെരുവ് യുദ്ധം അവസാനിപ്പിക്കണം, അണികളെ നേതാക്കൾ നിയന്ത്രിക്കണം: അടൂർ പ്രകാശ്

പ്രസിദ്ധീകരിച്ചത്: 09 May, 2026
ഷെയർ ചെയ്യുക:

മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസ് പ്രവർത്തകർ തെരുവിൽ നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശും രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും  രംഗത്തെത്തി. കേരളത്തിലെ ജനങ്ങൾ നൽകിയ ഈ വലിയ വിജയം ഒരു കൂട്ടായ്മയുടെ ഫലമാണെന്നും അത് ആരുടെയും വ്യക്തിപരമായ നേട്ടമല്ലെന്നും അടൂർ പ്രകാശ് ഓർമ്മിപ്പിച്ചു.

ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ പ്രവർത്തകർ കാട്ടിക്കൂട്ടുന്നതെന്നും അണികളെ നിയന്ത്രിക്കാൻ നേതാക്കൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ ഘടകകക്ഷികൾക്ക് അഭിപ്രായം പറയാമെന്നും അവരുടെ നിർദ്ദേശങ്ങൾ തേടുമെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാൽ ഇന്ന ആൾ തന്നെ വരണമെന്ന നിർബന്ധബുദ്ധി ഘടകകക്ഷികളുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. തെരുവിലെ പ്രതിഷേധങ്ങൾ പാർട്ടിയുടെ അന്തസ്സിന് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വിഭാഗീയ പ്രവർത്തനമാണെന്നും സംഘടനാ മര്യാദ പാലിക്കണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ കർശന മുന്നറിയിപ്പ് നൽകി."തീക്കൊള്ളികൊണ്ട് തല ചൊറിയരുത്" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.