പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ആയേക്കും; സി.പി.എം. സെക്രട്ടേറിയറ്റ് യോഗം ഇന്ന്

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ആയേക്കും; സി.പി.എം. സെക്രട്ടേറിയറ്റ് യോഗം ഇന്ന്

പ്രസിദ്ധീകരിച്ചത്: 06 May, 2026
ഷെയർ ചെയ്യുക:

പിണറായി വിജയന്‍ തന്നെ പ്രതിപക്ഷ നേതാവ് ആയേക്കും. ദുര്‍ബലമായ പ്രതിപക്ഷമായി മാറാതിരിക്കാനാണ് പിണറായി വിജയന്‍ തന്നെ പ്രതിപക്ഷത്തിരിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രാഥമിക പരിശോധനയും വിലയിരുത്തലും യോഗത്തിലുണ്ടാകും. പ്രതിപക്ഷ നേതാവ്സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടാകുമോയെന്നതില്‍ വ്യക്തതയില്ല. യോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും.പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി സി.പി.എമ്മാണ്. സ്വാഭാവികമായും പ്രതിപക്ഷനേതാവും സി.പി.എമ്മില്‍നിന്നാണ് വേണ്ടത്. എം.എല്‍.എ.മാരില്‍ ഏറ്റവും മുതിര്‍ന്ന നേതാവ് പിണറായി വിജയനാണ്. പിണറായി മാറിനില്‍ക്കുകയാണെങ്കില്‍ മാത്രമാണ് മറ്റൊരാളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുക. കേന്ദ്രകമ്മിറ്റി അംഗമായ കെ.എന്‍. ബാലഗോപാല്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിണറായി പ്രതിപക്ഷനേതാവായില്ലെങ്കില്‍, പകരം ബാലഗോപാലായിരിക്കും പദവിയിലെത്തുക.

സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാന്‍, പി.എ. മുഹമ്മദ് റിയാസ് എന്നിവരാണ് പാര്‍ട്ടിഘടകത്തിലുള്ള മുതിര്‍ന്ന മറ്റു രണ്ടുപേര്‍. വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണനെ ഉപനേതാവായി നിശ്ചയിച്ചിരുന്നു. അതേരീതിയാണ് സ്വീകരിക്കുന്നതെങ്കില്‍ പിണറായിക്കൊപ്പം, കെ.എന്‍. ബാലഗോപാലിനെ ഉപനേതാവാക്കിയേക്കും.

മത്സരിച്ച് ജയിച്ചശേഷം പ്രതിപക്ഷനേതാവാകാതെ പിണറായി മാറിനിന്നാല്‍ അതിലും വിമര്‍ശനം നേരിട്ടേക്കാം. മുന്നണി രൂപംകൊണ്ടശേഷമുള്ള ഏറ്റവും ദുര്‍ബലമായ അംഗസംഖ്യയുമായാണ് എല്‍.ഡി.എഫ്. പ്രതിപക്ഷത്തിരിക്കുന്നത്.

അതേസമയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിന്റെ പേര് പ്രതിപക്ഷത്തിന്റേതാക്കി മാറ്റി. സി.എം.ഒ. മീഡിയ എന്നത് ഓപ്പസിഷന്‍ മീഡിയ എന്നാക്കിയാണ് മാറ്റിയത്.