'മർദ്ദിച്ചു, വോട്ട് കൊള്ളയടിച്ചു'ഭവാനിപൂരിലെ തോൽവിയിൽ പൊട്ടിത്തെറിച്ച് മമത ബാനർജി
ഭവാനിപൂർ മണ്ഡലത്തിൽ നേരിട്ട തിരഞ്ഞെടുപ്പ് പരാജയത്തിൽ കടുത്ത പ്രതികരണവുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ കോൺഗ്രസ് എംപിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ കല്യാൺ ബാനർജി മമതയുമായി നടത്തിയ ടെലിഫോൺ സംഭാഷണം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചു.ഇതിലാണ് മമത രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുന്നത്. ഭവാനിപൂരിൽ താൻ നേരിട്ട പരാജയം മോഷ്ടിക്കപ്പെട്ട വിധിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനീതി നിറഞ്ഞ വൃത്തികെട്ട കളിയാണെന്നുമാണ് മമത വിശേഷിപ്പിക്കുന്നത്.
16-ാം റൗണ്ട് വോട്ടെണ്ണൽ വരെ ബിജെപിയുടെ സുവേന്ദു അധികാരിയേക്കാൾ താൻ മുന്നിലായിരുന്നുവെന്നും ചുരുക്കം ചില റൗണ്ടുകൾ മാത്രം ബാക്കിനിൽക്കെയാണ് അട്ടിമറി നടന്നതെന്നും മമത അവകാശപ്പെടുന്നു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഗുണ്ടകൾ അതിക്രിമിച്ച് കടന്ന് ഉദ്യോഗസ്ഥരെയും ഏജന്റുമാരെയും ഭീഷണിപ്പെടുത്തി തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചതായും ഫോൺ സംഭാഷണത്തിൽ മമത ആരോപിക്കുന്നുണ്ട്. സിആർപിഎഫും പ്രാദേശിക തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ബിജെപിയെ സഹായിക്കാൻ ഡൽഹിയിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചതെന്നും അവർ കുറ്റപ്പെടുത്തി.
തൃണമൂൽ കോൺഗ്രസ് വോട്ടെണ്ണൽ ഏജന്റുമാരെ നിർബന്ധപൂർവ്വം പുറത്താക്കി പ്രതിപക്ഷത്തിന്റെ ഏജന്റുമാരെ നിയമിച്ചതായും മമത പറയുന്നു. അവശേഷിച്ച റൗണ്ടുകൾ തങ്ങളുടെ ശക്തികേന്ദ്രമായിരുന്ന ഭവാനിപൂരിലായിരുന്നു. ആ സമയത്താണ് ഏതാനും ഗുണ്ടകൾ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരോടൊപ്പം ചേർന്ന് അവർ തന്നെ മർദ്ദിക്കുകയും സി.ആർ.പി.എഫിന്റെ സഹായത്തോടെ ഏജന്റുമാരെ പുറത്തെറിയുകയും ചെയ്തതായും മമത പറയുന്നു.