സംസ്ഥാനത്ത് പോളിംഗ് കണക്കുകളിൽ മാറ്റം, 79.70 ശതമാനം വോട്ടിംഗ്
പ്രസിദ്ധീകരിച്ചത്: 03 May, 2026
ഏപ്രിൽ ഒമ്പതിന് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സർവീസ് വോട്ടർമാരുടെ പോസ്റ്റൽ ബാലറ്റുകൾ കൂടി ഉൾപ്പെടുത്തിയതോടെ പോളിംഗ് ശതമാനം താൽക്കാലികമായി 79.70 ശതമാനമായി ഉയർന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. നാളെ നടക്കാനിരിക്കുന്ന വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സർവീസ് വോട്ടർമാരുടെ പോസ്റ്റൽ ബാലറ്റുകൾ ഒഴിവാക്കിയുള്ള പോളിംഗ് ശതമാനം 79.63 ആയിരുന്നു. ആകെ 53,984 പോസ്റ്റൽ ബാലറ്റുകളാണ് സർവീസ് വോട്ടർമാർക്കായി വിതരണം ചെയ്തിരുന്നത്. ഇതിൽ 20,028 എണ്ണമാണ് മെയ് ഒന്നു വരെ തിരികെ ലഭിച്ചത്. വോട്ടെണ്ണൽ തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ സർവീസ് വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റുകൾ സമർപ്പിക്കാൻ അവസരമുണ്ടാകും.