എഎപി എംപിമാർ പാർട്ടി വിട്ട സംഭവം: ഡൽഹിയിൽ അടിയന്തര യോഗം വിളിച്ച് കെജ്‌രിവാൾ
രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരടക്കം ഏഴ് എംപിമാർ പാർട്ടി വിട്ടതിന് പിന്നാലെ ഇന്ന് ഡൽഹിയിൽ അടിയന്തര യോഗം വിളിച്ച് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ.
രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നതിൻ്റെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.യോഗത്തിലേക്ക് ഡൽഹിയിലെ പാർട്ടിയുടെ എംഎൽഎമാരെയും വിളിപ്പിച്ചിട്ടുണ്ട്. യോഗത്തിൽ പങ്കെടുത്ത് അരവിന്ദ് കെജ്‌രിവാൾ സാഹചര്യങ്ങൾ വിശദീകരിക്കുമെന്നാണ് സൂചന.
നേരത്തെ അസംതൃപ്തരായ നേതാക്കളെ പിടിച്ചുനിർത്താൻ കെജ്‌രിവാൾ പരമാവധി ശ്രമിച്ചെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.ഇടഞ്ഞു നിന്ന എംപിമാരിൽ അഞ്ച് പേരെയെങ്കിലും അടുത്ത തവണയും മത്സരിപ്പിക്കാമെന്ന് കെജ്‌രിവാൾ ഉറപ്പുനൽകിയിരുന്നു.
പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതിന് മുന്നോടിയായി രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള എംപിമാരെ വെള്ളിയാഴ്ച വൈകുന്നേരം കെജ്‌രിവാൾ തൻ്റെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന് മുന്നോടിയായി എംപിമാർ രാജിവയ്ക്കുകയായിരുന്നു. കൂടാതെ ബിജെപിയിൽ ചേരുകയും ചെയ്തു.
രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക്, ഹർഭജൻ സിംഗ്, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി, സ്വാതി മാലിവാൾ എന്നിവരാണ് ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് എംപിമാർ.