ഗാസായിലെ ദുരിതാവസ്ഥയിൽ ആശങ്കയറിയിച്ചും പാലസ്തീൻ ജനതയ്ക്ക് സാമീപ്യമറിയിച്ചും ലിയോ പതിനാലാമൻ പാപ്പാ

ഗാസായിലെ ദുരിതാവസ്ഥയിൽ ആശങ്കയറിയിച്ചും പാലസ്തീൻ ജനതയ്ക്ക് സാമീപ്യമറിയിച്ചും ലിയോ പതിനാലാമൻ പാപ്പാ

പ്രസിദ്ധീകരിച്ചത്: 18 Sep, 2025
ഷെയർ ചെയ്യുക:

ആർക്കും അംഗീകരിക്കാനാകാത്തത്ര വിധത്തിൽ, ഭീതിജനകമായ അവസ്ഥയിൽ ജീവിക്കാനും, തങ്ങളുടെ നാട്ടിൽനിന്ന് നിർബന്ധിതമായി ഒഴിഞ്ഞുമാറാനും വിധിക്കപ്പെട്ട ഗാസായിലെ പാലസ്തീൻ ജനതയ്ക്ക് തന്റെ ശക്തമായ സാമീപ്യമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ. സെപ്റ്റംബർ 17 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസാനം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെയാണ്, തികച്ചും ദുരിതകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന പാലസ്തീൻ ജനതയെ പാപ്പാ അനുസ്മരിച്ചത്.

സർവ്വശക്തനും, കൊല്ലരുതെന്ന് ആജ്ഞാപിച്ചവനുമായ ദൈവത്തിന്റെയും, മുഴുവൻ മാനവികചരിത്രത്തിന്റെയും മുന്നിൽ, എല്ലാ മനുഷ്യർക്കും തകർക്കപ്പെടരുതാത്ത ഒരു അന്തസ്സുണ്ടെന്നും, അത് ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണ്ടതാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

അന്താരാഷ്ട്രമനുഷ്യാവകാശനിയമങ്ങൾ പൂർണ്ണമായി പാലിക്കപ്പെടാൻവേണ്ടി, വെടിനിറുത്തൽ പ്രഖ്യാപിക്കാനും, ബന്ദികളെ വിട്ടയക്കാനും, നയതന്ത്രചർച്ചകളിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാനും താൻ മുന്നോട്ടുവച്ച അഭ്യർത്ഥന ആവർത്തിക്കുന്നതായും പാപ്പാ പ്രസ്താവിച്ചു. സമാധാനത്തിന്റെയും നീതിയുടെയും ഒരു പുലരി വേഗം പിറക്കാനായി തന്നോടൊപ്പം ശക്തമായി പ്രാർത്ഥിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു