പത്തനംതിട്ട കുമ്പഴയില്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
പ്രസിദ്ധീകരിച്ചത്: 19 Apr, 2026
കുമ്പഴ വലിയപാലത്തിന് സമീപം ഉണ്ടായ അപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. ഫിലിപ്പ്, സഹോദരി ജിന്‍സി എന്നിവരാണ് മരിച്ചത്. ഫിലിപ്പ് ഓടിച്ച ഓട്ടോറിക്ഷയിലാണ് സഹോദരി ജിന്‍സി ഉണ്ടായിരുന്നത്. ഇരുവരെയും ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ശനിയാഴ്ച വൈകുന്നേരം 3:30 ഓടെയാണ് സംഭവം. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. പത്തനംതിട്ട പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് മേല്‍നടപടികള്‍ സ്വീകരിച്ചത്.
അപകടത്തെ തുടര്‍ന്ന് പുനലൂര്‍ മൂവാറ്റുപുഴ പാതയില്‍ ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.