പാലക്കാടിനെ ഭീകരവാദികളുടെ കേന്ദ്രമാക്കാൻ ശ്രമം, പണം നൽകിയെന്നത് കെട്ടുകഥ: ശോഭാ സുരേന്ദ്രൻ
പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കി മാറ്റാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ.
വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അവർ. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അവർ ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
പാലക്കാട് കന്നടി പഞ്ചായത്തിൽ ശോഭാ സുരേന്ദ്രൻ പണം വിതരണം ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസ് വീഡിയോ പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് മനഃപൂർവം കെട്ടിച്ചമച്ച കഥയാണെന്ന് ശോഭ വ്യക്തമാക്കി. "ഒരു അമ്മ പൈസ വാങ്ങിയെന്നാണല്ലോ പറയുന്നത്. ആ പാവം അമ്മയ്ക്ക് സുഖമില്ലാത്ത ഒരു മകനുണ്ട്. ആര് വന്നാലും മരുന്നിന് പണം ചോദിക്കുന്ന അവസ്ഥയിലാണവർ. ഏത് സ്ഥാനാർത്ഥി വന്നാലും ആ അമ്മ പണം ചോദിക്കും. യാഥാർത്ഥ്യം ഇതായിരിക്കെ കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന സമീപനമാണ് ചില മാധ്യമങ്ങൾ സ്വീകരിക്കുന്നത്," ശോഭ സുരേന്ദ്രൻ പറഞ്ഞു.