ചരിത്രം കുറിച്ച് ആർട്ടെമിസ് 2! ചന്ദ്രന്റെ ഭ്രമണപഥം വിട്ട് പേടകം ഭൂമിയിലേക്ക്; പസഫിക് സമുദ്രത്തിലെ ലാൻഡിംഗിനായി കാത്തിരിപ്പ്
നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ് 2 ദൗത്യം വിജയകരമായി ചന്ദ്രന്റെ ആകർഷണവലയത്തിന് പുറത്തെത്തിയിരിക്കുകയാണ്. നാല് യാത്രികരുമായി കുതിക്കുന്ന ഓറിയോൺ പേടകം ഇപ്പോൾ ഭൂമിയിലേക്കുള്ള മടക്കയാത്രയിലാണ്. ചന്ദ്രന്റെ വിദൂര വശത്തുകൂടി സഞ്ചരിച്ച പേടകം ഏറ്റവും കൂടുതൽ ദൂരം ബഹിരാകാശത്ത് സഞ്ചരിച്ച മനുഷ്യദൗത്യം എന്ന റെക്കോർഡും സ്വന്തമാക്കി.
ഏപ്രിൽ ഒന്നിനാണ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും ആർട്ടെമിസ് 2 വിക്ഷേപിച്ചത്. ചന്ദ്രനെ ചുറ്റി സഞ്ചരിച്ച ശേഷം ഭൂമിയിലേക്ക് മടങ്ങുന്ന പത്ത് ദിവസത്തെ ദൗത്യമാണിത്. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൺ എന്നിവരാണ് ഈ ചരിത്ര ദൗത്യത്തിലെ അംഗങ്ങൾ.
ചന്ദ്രന്റെ ആകർഷണവലയത്തിൽ നിന്നും പുറത്തുകടന്നതോടെ ഭൂമിയുടെ ഗുരുത്വാകർഷണമാണ് ഇനി പേടകത്തെ നയിക്കുന്നത്. മണിക്കൂറിൽ ഏകദേശം 40,000 കിലോമീറ്റർ വേഗതയിലാണ് ഓറിയോൺ ഭൂമിയിലേക്ക് പാഞ്ഞടുക്കുന്നത്. മനുഷ്യൻ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത അത്രയും ആഴത്തിലുള്ള ബഹിരാകാശ നിരീക്ഷണങ്ങൾ സംഘം പൂർത്തിയാക്കി.