'കേരളത്തിൽ സ്ത്രീ സുരക്ഷയില്ല, ലൗ ജിഹാദ് നടക്കുമ്പോൾ സർക്കാർ കണ്ണടച്ചു'; വിവാദ പ്രസംഗവുമായി ആർ ശ്രീലേഖ
സംസ്ഥാന സർക്കാരിനെതിരെയും പോലീസ് സംവിധാനത്തിനെതിരെയും ഗുരുതര ആരോപണങ്ങളുമായി വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ.
കേരളത്തിൽ ലൗ ജിഹാദ് നടക്കുമ്പോൾ സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതാണ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഇല്ലാതാകാൻ പ്രധാന കാരണമെന്നും ശ്രീലേഖ ആരോപിച്ചു. വട്ടിയൂർക്കാവിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് പോലും സ്വന്തം വീട്ടിൽ സുരക്ഷയില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ശ്രീലേഖ നടത്തിയത്. "അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയെ പുറത്തിറങ്ങാൻ കഴിയാത്ത വിധം വീട്ടിൽ പൂട്ടിയിട്ടു. അവർ സഹായത്തിനായി 112-ൽ (പോലീസ് എമർജൻസി നമ്പർ) വിളിച്ചിട്ടും സഹായം ലഭിച്ചില്ല. എതിർഭാഗത്ത് നിൽക്കുന്നത് മന്ത്രിയായതുകൊണ്ടാണ് പോലീസ് നടപടിയെടുക്കാതിരുന്നത്," ശ്രീലേഖ പറഞ്ഞു. ഭരണസിരാകേന്ദ്രത്തിൽ പോലും സ്ത്രീകൾ നേരിടുന്ന അവസ്ഥയാണിതെന്നും അവർ കൂട്ടിച്ചേർത്തു.