യുഎസ് സൈന്യത്തിൽ വൻ അഴിച്ചുപണി: ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനെ പുറത്താക്കി
യുഎസ് സൈന്യത്തിൽ വൻ അഴിച്ചുപണി. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനോട് ഉടൻ വിരമിക്കാൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് ട്രംപിന്റെയും ഹെഗ്‌സെത്തിന്റെയും സൈനിക കാഴ്ചപ്പാടുകൾ നടപ്പിലാക്കാൻ പുതിയ നേതൃത്വം വേണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് പെന്റഗൺ വൃത്തങ്ങൾ അറിയിച്ചു.
ജനറൽ ജോർജിന്റെ ദശാബ്ദങ്ങൾ നീണ്ട സേവനത്തിന് പ്രതിരോധ മന്ത്രാലയം നന്ദി അറിയിച്ചതായും, അദ്ദേഹം ഉടനടി സ്ഥാനമൊഴിയുമെന്നും പെന്റഗൺ വക്താവ് സീൻ പാർനെൽ പ്രസ്താവനയിൽ വ്യക്തമാക്കി. സൈന്യത്തിൽ ഒരു നേതൃമാറ്റം അനിവാര്യമായ സമയമാണിതെന്ന് മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ പ്രതികരിച്ചു.
റാണ്ടി ജോർജിനെ കൂടാതെ ആർമി ട്രാൻസ്ഫോർമേഷൻ ആൻഡ് ട്രെയിനിംഗ് കമാൻഡ് മേധാവി ജനറൽ ഡേവിഡ് ഹോഡ്‌നെ, ചാപ്ലിൻ കോർപ്സ് മേധാവി മേജർ ജനറൽ വില്യം ഗ്രീൻ എന്നിവരെയും സ്ഥാനങ്ങളിൽ നിന്ന് നീക്കിയിട്ടുണ്ട്. 2023-ൽ പ്രസിഡന്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്ത റാണ്ടി ജോർജിന് 2027 വരെ കാലാവധി ഉണ്ടായിരുന്നു.