"പാര്‍ലമെന്ററി വ്യാമോഹം, യുഡിഎഫുമായി ചേര്‍ന്ന് രാഷ്ടീയ വഞ്ചന കാട്ടുന്നു"; ടി.കെ. ഗോവിന്ദനെതിരെ കെ.കെ. രാഗേഷ്

"പാര്‍ലമെന്ററി വ്യാമോഹം, യുഡിഎഫുമായി ചേര്‍ന്ന് രാഷ്ടീയ വഞ്ചന കാട്ടുന്നു"; ടി.കെ. ഗോവിന്ദനെതിരെ കെ.കെ. രാഗേഷ്

പ്രസിദ്ധീകരിച്ചത്: 17 Mar, 2026
ഷെയർ ചെയ്യുക:

ടി.കെ. ഗോവിന്ദനെതിരെ കണ്ണൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പാര്‍ട്ടി വിരുദ്ധ നിലപാട് പരസ്യമായി എടുത്തിരിക്കുകയാണ്. പച്ചനുണകളാണ് പാര്‍ട്ടിക്കെതിരെ പറഞ്ഞതെന്നും കെ.കെ. രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. തളിപ്പറമ്പില്‍ പി.കെ. ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതിലുള്ള അതൃപ്തിയില്‍ പുകഞ്ഞാണ് ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടിക്കെതിരെ തിരിഞ്ഞത്. പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത് കൃത്യമായ നടപടിക്രമങ്ങളിലൂടെയാണെന്നും ബന്ധുത്വം നോക്കിയല്ലെന്നും കെ.കെ. രാഗേഷ് പറഞ്ഞു.

പി.കെ. ശ്യാമള മഹിള അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റിയംഗമാണ്. രണ്ട് വനിതകളെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി കണ്ണൂരില്‍ തീരുമാനിച്ചതാണ്. യഥാര്‍ഥത്തില്‍ ടി.കെ. ഗോവിന്ദന്റെ പ്രശ്‌നമെന്താണ്? അദ്ദേഹത്തിന് പാര്‍ലമെന്ററി മോഹമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ജില്ലാ സെക്രട്ടറിയേറ്റില്‍ ടി.കെ. ഗോവിന്ദന്റെ പേര് പറഞ്ഞത് അദ്ദേഹം തന്നെയാണ്. പാര്‍ട്ടിയെ സംബന്ധിച്ച് ടി.കെ ഗോവിന്ദന്‍ മാഷിന് പാര്‍ലമെന്ററി വ്യാമോഹമുണ്ടെന്ന് അറിയില്ലായിരുന്നു. പാര്‍ലമെന്ററി ത്വരയാണ് അദ്ദേഹത്തിനെന്നും കെകെ രാഗേഷ് പറഞ്ഞു.

 

പ്രത്യേക മണ്ഡലങ്ങളില്‍ മാത്രം മത്സര മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാല്‍ മതി എന്നാണ് പാര്‍ട്ടി ചര്‍ച്ച ചെയ്തത്. ടി.കെ. ഗോവിന്ദന്‍ സണ്ണി ജോസഫിനും യുഡിഎഫിനും വേണ്ടി വിടുപണി ചെയ്യുന്നു. ടി.കെ. ഗോവിന്ദന്‍ യുഡിഎഫുമായി ഒത്തുകളിക്കുന്നു. വ്യക്തിഹത്യയും നുണ പ്രചരണവും പാര്‍ട്ടിയെ ബാധിക്കില്ലെന്നും കെ.കെ. രാഗേഷ് പറഞ്ഞു. പ്രവാസി സാജന്റെ ആത്മഹത്യയെയും പാര്‍ട്ടിയെ കുറ്റപ്പെടുത്താന്‍ ഉപയോഗിച്ചു. അത് പിന്നീട് തെറ്റാണെന്ന് വ്യക്തമായി. കെട്ടിച്ചമച്ച കഥയുമായി പികെ ശ്യാമളയെ ആക്ഷേപിച്ചു. ഒരു ജനപ്രതിനിധി മാത്രം വിചാരിച്ചാല്‍ അനുമതി കിട്ടില്ല. അത് ഉദ്യോഗസ്ഥരുടെ തീരുമാനമാണ്. ഇത് തെറ്റാണ് എന്ന് തെളിഞ്ഞു. ഹാപ്പിനെസ് ഫെസ്റ്റിവല്‍ എല്ലാം സുതാര്യമായാണ് നടത്തിയത്. എന്നിട്ടും അതില്‍ പുകമറയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കെ.കെ. രാഗേഷ് പറഞ്ഞു.