അസമിൽ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്കും വീരമൃത്യു
പ്രസിദ്ധീകരിച്ചത്: 06 Mar, 2026
അസമിലെ കാർബി ആംഗ്ലോങ്ങ് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം ജോർഹട്ടിൽ നിന്ന് പതിവ് പരിശീലന പറക്കലിനായി ഉയർന്ന വിമാനം റഡാർ ബന്ധം വേർപെട്ടതിനെത്തുടർന്ന് കാണാതാകുകയായിരുന്നു. വിമാനം തകർന്നുവെന്നും പൈലറ്റുമാർ മരിച്ചുവെന്നും വെള്ളിയാഴ്ച വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.സ്ക്വാഡ്രൺ ലീഡർ അനുജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേഷ് ദുരാഗ്കർ എന്നിവരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന പ്രസ്താവനയിലൂടെ അറിയിച്ചു. ജോർഹട്ട് വ്യോമതാവളത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള മലയോര മേഖലയിലാണ് വിമാനം തകർന്നു വീണത്. വ്യാഴാഴ്ച രാത്രി 7.42-നാണ് വിമാനത്തിന് ഗ്രൗണ്ട് കൺട്രോളുമായുള്ള അവസാന ബന്ധം ലഭിച്ചത്.