പശ്ചിമേഷ്യൻ യുദ്ധം: കേരളത്തിലെ കയറ്റുമതി മേഖല തകർച്ചയിൽ, പഴം-പച്ചക്കറി വിപണിക്ക് കോടികളുടെ നഷ്ടം
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ കേരളത്തിൽ നിന്നുള്ള കയറ്റുമതി മേഖല കനത്ത പ്രതിസന്ധിയിൽ. സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴിയുള്ള പഴം, പച്ചക്കറി, മത്സ്യ വിഭവങ്ങളുടെ കയറ്റുമതി പൂർണ്ണമായും നിലച്ചു. വ്യോമപാതയിലെ നിയന്ത്രണങ്ങൾ മൂലം വിമാന സർവീസുകൾ മുടങ്ങിയതും ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്ന് കപ്പൽ വഴിയുള്ള ചരക്ക് നീക്കം നിലച്ചതുമാണ് തിരിച്ചടിയായത്. ഇതോടെ കോടികളുടെ നഷ്ടമാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്.
റംസാൻ വിപണി ലക്ഷ്യമിട്ടുള്ള ജിസിസി രാജ്യങ്ങളിലേക്കുള്ള കയറ്റുമതി താളംതെറ്റിയത് കർഷകർക്കും കയറ്റുമതിക്കാർക്കും വലിയ ആഘാതമായി. പ്രതിദിനം 150 ടൺ പഴം-പച്ചക്കറികളാണ് കേരളത്തിലെ വിമാനത്താവളങ്ങൾ വഴി ഗൾഫ് നാടുകളിലേക്ക് അയച്ചിരുന്നത്.
ഇതിൽ വലിയൊരു ഭാഗം കൈകാര്യം ചെയ്തിരുന്ന തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇപ്പോൾ ഒരു ടൺ ചരക്ക് പോലും വിദേശത്തേക്ക് പോകുന്നില്ല. വിമാന സർവീസുകൾ റദ്ദാക്കിയതോടെ റംസാൻ സീസണിലെ മികച്ച ലാഭം പ്രതീക്ഷിച്ചിരുന്നവർ വലിയ സാമ്പത്തിക പ്രതിസന്ധിയിലായി.